കണ്ണൂർ സർവകലാശാലക്ക് 25 വയസ്സ്

കണ്ണൂർ
ഉത്തരകേരളത്തിന്റെ ഉന്നതവിദ്യാഭ്യാസക്കുതിപ്പിന്‌ വഴിയൊരുക്കിയ  കണ്ണൂർ സർവകലാശാല രജതജൂബിലി നിറവിലേക്ക്‌. സർവകലാശാലയുടെ  പിറവികുറിച്ച ഗവർണറുടെ ഓർഡിനൻസിന്‌ ശനിയാഴ്‌ച 24 വർഷം തികഞ്ഞു.




1995 നവംബർ ഒമ്പതിനാണ്‌ മലബാർ സർവകലാശാല രൂപീകരിച്ചുകൊണ്ടുള്ള സുപ്രധാന ഓർഡിനൻസിൽ ഗവർണർ ബി രാച്ചയ്യ ഒപ്പുവച്ചത്‌.  കാസർകോട്‌, കണ്ണൂർ, വയനാട്‌ ജില്ലകളുൾപ്പെട്ട അത്യുത്തര കേരളത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക സർവകലാശാലയെന്നത്‌ ഈ നാടിന്റെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു.
സമഗ്രനിയമവും പേരു മാറ്റവും നായനാർ സർക്കാരിന്റെ കാലത്ത്‌
 1995ൽ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെയാണ്‌ അത്‌ യാഥാർഥ്യമായത്‌. 1996 മാർച്ച്‌ രണ്ടിന്‌ ഉദ്‌ഘാടനം നടന്നെങ്കിലും പിന്നീട്‌ ഇ കെ നായനാരുടെ നേതൃത്വത്തിൽ എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷമാണ്‌ സമഗ്ര നിയമം  പാസാക്കി ലക്ഷണമൊത്ത സർവകലാശാലയാക്കി മാറ്റിയത്‌. പേര്‌ കണ്ണൂരായും മാറി.  കണ്ണൂർ, കാസർകോട് ജില്ലകളും വയനാട്‌ ജില്ലയിലെ മാനന്തവാടി താലൂക്കുമാണ്‌ സർവകലാശാലയുടെ പ്രവർത്തനപരിധി. പ്രൊഫ. എം അബ്ദുൾ റഹിമാനായിരുന്നു ആദ്യ വൈസ്‌ ചാൻസലർ. പിന്നീട്‌ പ്രൊഫ. പി കെ രാജൻ വിസിയായി. പ്രഗത്ഭ വിദ്യാഭ്യാസ വിചക്ഷണൻകൂടിയായ രാജന്റെ കാലത്താണ്‌ യുജിസി അംഗീകാരമുൾപ്പെടെ നേടിയത്‌. കണ്ണൂർ നഗരത്തിലെ വാടകക്കെട്ടിടത്തിൽനിന്ന്‌ ആസ്ഥാനം മാങ്ങാട്ടുപറമ്പിലെ മനോഹരമായ സ്വന്തം ക്യാമ്പസിലേക്ക്‌ മാറി.  
നിലവിൽ കണ്ണൂർ താവക്കരയിലാണ്‌ ആസ്ഥാനം. ബഹുക്യാമ്പസ്‌ രീതിയാണ്‌ കേരളത്തിലെ ഇതര സർവകലാശാലകളിൽനിന്നും കണ്ണൂരിനെ വ്യത്യസ്‌തമാക്കുന്നത്‌. താവക്കരയിലെ പ്രധാന ക്യാമ്പസിന്‌ പുറമെ മാങ്ങാട്ടുപറമ്പ്‌, തലശേരി, പയ്യന്നൂർ, നീലേശ്വരം, കാസർകോട്‌, മാനന്തവാടി എന്നിവിടങ്ങളിലും സുസജ്ജമായ  ക്യാമ്പസുകൾ. എട്ട്‌ പഠനകേന്ദ്രങ്ങൾ. വിരലിലെണ്ണാവുന്ന സർക്കാർ, എയ്‌ഡഡ്‌ കോളേജുകളിൽനിന്ന്‌  കോളേജുകളുടെ എണ്ണം 105 ആയി ഉയർന്നു. ഭൗതിക സൗകര്യങ്ങളിലും അക്കാദമിക്‌ നിലവാരത്തിലുമെല്ലാം ഏതു സർവകലാശാലയോടും കിടപിടിക്കാവുന്ന നിലയിലാണ്‌ ഇന്ന്‌ കണ്ണൂർ സർവകലാശാല. പരീക്ഷകളും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കിയും  ശ്രദ്ധനേടി. പ്രമുഖ ചരിത്രകാരൻകൂടിയായ വൈസ്‌ ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രന്റെയും സിൻഡിക്കറ്റിന്റെയും നേതൃത്വത്തിൽ അതിനായി നടക്കുന്ന ഫലപ്രദ ഇടപെടൽ തെളിഞ്ഞുകാണാം.