നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിൻവലിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സമീപകാലത്ത് ഗാന്ധി കുടുംബത്തിന് ഭീഷണികളുണ്ടായിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് നീക്കം

നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിൻവലിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

    ന്യൂഡൽഹി: നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷയാണ് പിൻവലിക്കുക. പ്രത്യക സി‌പി‌ആർ‌എഫ് കമാൻഡോകൾ സുരക്ഷയുടെ ചുമതല നിർവഹിക്കും.‌

    പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർക്ക് നിലവിൽ എസ്.പി.ജി.സുരക്ഷ നൽകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും രഹസ്യാന്വേഷണ ഏജൻസികളുടേയും റിപ്പോർട്ടിനെ തുടർന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്.പി.ജി സുരക്ഷ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.

    എന്നാൽ സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമുള്ള ഇസഡ് പ്ലസ് സുരക്ഷ തുടരും. സമീപകാലത്ത് ഗാന്ധി കുടുംബത്തിന് ഭീഷണികളുണ്ടായിട്ടില്ല. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം 1991 മുതലാണ് മുൻ പ്രധാനമന്ത്രിമാർക്കും എസ്.പി.ജി സുരക്ഷ നൽകിയിരുന്നത്.