മോഹൻലാൽ അന്ന് ഒരു എസ്. എഫ്. ഐ പ്രവർത്തകൻ; വെളിപ്പെടുത്തി സഹപാഠി


തന്‍റെ രാഷ്ട്രീയ നിലപാടെന്തെന്ന് മോഹന്‍ലാല്‍ ഇതുവരെ പ്രത്യക്ഷമായി പറഞ്ഞിട്ടില്ല. എന്നാല്‍ ബ്ലോഗുകളിലെ അഭിപ്രായങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുമെല്ലാം പലവിധ അഭ്യൂഹങ്ങള്‍ക്കും ഇടയാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ പരിഗണിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോളജ് കാലത്ത് മോഹന്‍ലാലിന്‍റെ രാഷ്ട്രീയ ചായ്‍വ് ഇതൊന്നുമായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്‍റെ സഹപാഠിയും നടനുമായ സന്തോഷ് കെ നായര്‍.

”പ്രീഡിഗ്രിക്ക് പഠിച്ചത് തിരുവനന്തപുരം എംജി കോളജിലാണ്. ഡിഗ്രിക്കും അവിടെയായിരുന്നു. ലാലും അതേസമയത്ത് അവിടെ പഠിച്ചിരുന്നു. ലാല്‍ കൊമേഴ്‌സ്. ഞാന്‍ മാത്‌സ്. ഒരേ ബാച്ചായിരുന്നു. അന്ന് സൗഹൃദം എന്ന് പറഞ്ഞാല്‍ രണ്ട് പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ലാല്‍ എസ്.എഫ്‌.ഐയും ഞാന്‍ ഡി.എസ്‌.യുവും ആയിരുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ ചേര്‍ച്ച പോരായിരുന്നു കോളജില്‍” എന്നാണ് ഒരു സ്വകാര്യ ചാനലിന്   നല്‍കിയ അഭിമുഖത്തില്‍ സന്തോഷ് പറഞ്ഞത്.

കോളജില്‍ രണ്ടാം വര്‍ഷമായപ്പോള്‍ തന്നെ തിരനോട്ടം എന്ന പടം ചെയ്തിരുന്നു ലാല്‍. കാമ്പസില്‍ കോമഡിയൊക്കെ പറഞ്ഞുനടക്കുന്ന ആളായിരുന്നു ലാല്‍. തനിക്ക് കലയുമായി യാതൊരു ബന്ധവും അക്കാലത്ത് ഇല്ലായിരുന്നു. പിന്നീട് പിന്‍നിലാവ് എന്ന സിനിമയിലാണ് താന്‍ ലാലിനൊപ്പം ആദ്യം അഭിനയിച്ചതെന്നും സന്തോഷ് പറഞ്ഞു.