ജനീവ : പുതിയ കൊറോണ വൈറസ് രോഗത്തെ(കോവിഡ്–-19) ഇനി ആഗോള മഹാമാരി എന്ന് വിശേഷിപ്പിക്കാമെന്ന് ലോകാരോഗ്യ സംഘടനാ(ഡബ്ലൃുഎച്ച്‌ഒ) തലവൻ തെദ്രോസ് അധാനം ഗെബ്രെിയേസസ് പറഞ്ഞു. ഒരു കൊറോണ വൈറസ് മൂലം ഇത്തരം ഒരു മഹാമാരി(പാൻഡെമിക്) ഇതിന് മുമ്പൊരിക്കലും നമ്മൾ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഭൂഖണ്ഡങ്ങളിലുമായി 110ൽപരം രാജ്യങ്ങളിൽ രോഗം പടർന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
യൂറോപ്പ് ആശങ്കയിൽ
കൊറോണ വൈറസ് രോഗത്തിൽനിന്ന് ചൈന മുക്തി നേടുമ്പോൾ യൂറോപ്പിനാണ് ഇപ്പോൾ ഏറ്റവും ആശങ്ക. ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദീൻ ഡോറീസിന് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്‌ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കം പങ്കെടുത്ത പരിപാടിയിൽ ഇവരുണ്ടായിരുന്നു.
ജർമനിയിൽ 70 ശതമാനമാളുകൾക്ക് കോവിഡ് ബാധിക്കാമെന്ന് ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. ഇപ്പോൾ 1300ലധികമാളുകൾക്കുണ്ട്. രണ്ടുപേർ മരിച്ചു. ചൈനയ്‌ക്ക് പുറത്ത് ഏറ്റവുമധികം മരണമുണ്ടായ ഇറ്റലിയിൽ ചൊവ്വാഴ്‌ച വൈകിട്ട് വരെ 631 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണം11000 കടന്നു. സ്‌പെയിനിൽ 47 പേർ മരിച്ചു. 2002പേർക്ക് രോഗം ബാധിച്ചു. എല്ലാ യുറോപ്യൻ രാജ്യങ്ങളിലും രോഗമുണ്ട്.