കര്‍ണാടകയില്‍ ഇന്ത്യയിലെ ആദ്യത്തെ കോവിഡ്‌-19 മരണം


ബംഗളൂരു : ഇന്ത്യയിലെ ആദ്യത്തെ കോവിഡ്‌ 19 മരണം കർണാടകയിൽ. കലബുർഗി സ്വദേശി  മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി (76)യുടെ മരണം കൊറോണ വൈറസ്‌ ബാധിച്ചാണെന്ന്‌ വ്യാഴാഴ്‌ച രാത്രി സ്ഥിരീകരിച്ചു.  ഉംറ കഴിഞ്ഞ്‌ ഫെബ്രുവരി 29ന്‌ സൗദിയിൽനിന്ന്‌ മടങ്ങിയെത്തിയ സിദ്ദിഖി ചൊവ്വാഴ്‌ച രാത്രിയാണ്‌ മരിച്ചത്‌. ബംഗളൂരു മെഡിക്കൽ കോളേജ്‌ ആൻഡ്‌ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലെ സ്രവപരിശോധനയിലാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.

 

നാട്ടിലെത്തിയ അദ്ദേഹം മാർച്ച്‌ അഞ്ചിന്‌ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ ചികിൽസ തേടി. ശ്വാസതടസ്സം, ചുമ, തൊണ്ടവേദന എന്നീ അസ്വാസ്ഥ്യങ്ങളുമായാണ്‌ സിദ്ദിഖി ചികിത്സ തേടിയത്‌. ആറിന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം കൂടിയതിനെത്തുടർന്ന്‌ ഒമ്പതിന്‌ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. 11ന്‌ ആശുപത്രിയിൽനിന്ന്‌ കലബുർഗിയിലേക്ക്‌ മടങ്ങുമ്പോഴാണ്‌ മരണം. കോവിഡ്‌ സംശയത്തെത്തുടർന്ന്‌ മൃതദേഹം ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസിൽ സൂക്ഷിച്ച്‌ സ്രവം പരിശോധനയ്‌ക്കയച്ചു. മരണം സ്ഥിരീകരിച്ചതോടെ സിദ്ദിഖിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമടക്കം മുപ്പതോളം പേർ നിരീക്ഷണത്തിലാണ്‌.  

രാജ്യത്ത്‌ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 78
രാജ്യത്ത്‌ കോവിഡ്‌–-19 ബാധിച്ചവരുടെ എണ്ണം 78 ആയി. 61 ഇന്ത്യക്കാർക്കും 17 വിദേശികൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  പൊതുവെ പടരുന്ന സ്ഥിതിയില്ലെന്ന്‌ ആരോഗ്യ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗർവാൾ പറഞ്ഞു. വിമാനത്താവളങ്ങളിൽ 10,57,506 യാത്രക്കാരെ സ്‌ക്രീനിങ്ങിനു വിധേയരാക്കി. ഉയർന്ന താപനിലയിൽ വൈറസ്‌ നിലനിൽക്കില്ലെന്ന പ്രചാരണങ്ങൾക്ക്‌ ശാസ്‌ത്രീയ തെളിവില്ലെന്നും- ലവ്‌ അഗർവാൾ പറഞ്ഞു.

ഇറാനിൽനിന്ന്‌ കൂടുതൽ പേർ മടങ്ങിവരുന്ന സാഹചര്യത്തിൽ പുതിയ കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്ന്‌ കരസേന വക്താവ്‌ കേണൽ അമൻ ആനന്ദ്‌ അറിയിച്ചു. ഇവരെ നിരീക്ഷണത്തിൽ വയ്‌ക്കാൻ ജോധ്‌പുർ, ഝാൻസി, ഗൊരഖ്‌പുർ, കൊൽക്കത്ത, ജയ്‌സാൽമീർ, ചെന്നൈ എന്നിവിടങ്ങളിൽ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. കേരളത്തിൽ രണ്ടുപേർക്കും മഹാരാഷ്‌ട്ര, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചു.