കൊറോണയെ ഫലപ്രദമായി പ്രതിരോധിക്കാൻ ക്യൂബയുടെ ഇന്റർഫെറോൺ ആൽഫ 2ബി; മെഡിക്കൽ രംഗത്തെ മുന്നേറ്റം കൊണ്ട് വീണ്ടും ഞെട്ടിച്ച് ക്യൂബ | Cuba make revaluation in CoViD-19 Medicineകൊറോണയെ ഫലപ്രദമായി പ്രതിരോധിക്കാൻ ക്യൂബയുടെ ഇന്റർഫെറോൺ ആൽഫ 2ബി; മെഡിക്കൽ രംഗത്തെ മുന്നേറ്റം കൊണ്ട് വീണ്ടും ഞെട്ടിച്ച് ക്യൂബ

ഹവാന: വീണ്ടും മെഡിക്കൽ രംഗത്തെ അമ്പരപ്പിച്ച് കൊറോണയ്ക്ക് എതിരായ ഫലപ്രദമായ മരുന്ന് സംഭാവന ചെയ്ത് വിസ്മയമായി ക്യൂബ. വുഹാനിൽ ആരംഭിച്ച കൊവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ ചൈന ആശ്രയിച്ചതും ക്യൂബയുടെ സംഭാവനയായ ഇന്റർഫെറോൺ ആൽഫ 2ബി എന്ന അഡ്വാൻസ്ഡ് ആയ മരുന്നിനെയാണ്. ക്യൂബയിൽ നിന്നുള്ള ആന്റി വൈറൽ മരുന്നാണ് ഇന്റർഫെറോൺ ആൽഫ 2ബി. കൊറോണയെന്ന് കേൾക്കുന്നതിന് മുമ്പ് തന്നെ 1981ലാണ് ക്യൂബ ഈ മരുന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. അതിന് കാരണമായതാകട്ടെ ഡെങ്കു വൈറസ് ക്യൂബയിൽ ആളെക്കൊല്ലിയായതും.

ഡെങ്കുവിനെ പ്രതിരോധിക്കാനായി കണ്ടെത്തിയ മരുന്ന് വർഷങ്ങൾക്കിപ്പുറം കൊറോണയ്‌ക്കെതിരായ പോരാട്ടത്തിനും ഫലപ്രദമാവുകയായിരുന്നു. ചൈനയിൽ തന്നെ ക്യൂബയുടെ സഹായത്തോടെ 2003 മുതൽ ഈ മരുന്ന് നിർമ്മിക്കപ്പെടുന്നുണ്ട്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ കൊവിഡ് ചികിത്സയ്ക്കായി തെരഞ്ഞെടുത്ത 30 മരുന്നുകളിൽ ഒന്നാണ് ഈ ആന്റി വൈറൽ മരുന്ന്.

എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ശ്വേത രക്താണുക്കൾ) ഉത്തേജിപ്പിക്കാൻ ഇന്റർഫെറോണിന് സാധിക്കുമെന്ന് ഇയോൺ ഗ്രെസർ എന്ന യുഎസ് ഗവേഷകൻ 1960ൽ കണ്ടെത്തിയിരുന്നു. 1970ൽ യുഎസ് കാൻസർ വിദഗ്ധനായ റാൻഡോൾഫ് ക്ലാർക്ക് ലീ ഇന്റർഫെറോണിന്റെ പഠനം ഏറ്റെടുത്തു. ഇക്കാലത്താണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ ശക്തമാക്കിയത്. ഫിഡൽ കാസ്‌ട്രോയെ കാണാനെത്തിയ റാൻഡോൾഫ് ഇന്റർഫെറോണെന്ന മരുന്നിനെ കുറിച്ച് ആദ്യമായി അദ്ദേഹത്തോട് വെളിപ്പെടുത്തുകയും ചെയ്തു.

തുടർന്ന്, കാസ്‌ട്രോ നിയോഗിച്ച ഗവേഷകർ റാൻഡോൾഫിന്റെ ലബോറട്ടറിയിൽ സമയം ചിലവിട്ട് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 1981 മാർച്ചിൽ ആറ് ക്യൂബൻ ഗവേഷകർ 12 ദിവസം ഫിൻലാൻഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോവുകയും ഇവിടെ വെച്ച് ഡോക്ടർ കേരി 1970ൽ ആദ്യമായി മനുഷ്യ കോശങ്ങളിൽ നിന്ന് ഇന്റർഫെറോൺ വേർതിരിച്ചെടുത്തത്.

പേന്റന്റ് എടുക്കാതെ നടത്തിയ പഠനമായതിനാൽ തന്നെ പിന്നീട് ലോകം മുഴുവൻ ഇന്റർഫെറോണിനെ സംബന്ധിച്ചും ഉത്പാദനത്തെ കുറിച്ചും നിരവധി ഗവേഷണങ്ങൾ ശക്തമായി. ക്യൂബയിൽ തിരിച്ചെത്തിയ ഗവേഷകർ 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയിൽ വേർതിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റർഫെറോൺ പുറത്തെത്തിച്ചു. ഫിൻലാൻഡിലെ ലാബിലയച്ച് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു.

ഈ പഠനം നടക്കുമ്പോഴാണ് ക്യൂബയെ ഞെട്ടിച്ചുകൊണ്ട് കൊതുകു പരത്തുന്ന ഡെങ്കുപ്പനി പടർന്നുപിടിക്കാൻ ആരംഭിച്ചത്. ലോകചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു കൊതുകുകൾ വഴി പരക്കുന്ന ഈ രോഗം ക്യൂബയിൽ പ്രത്യക്ഷപ്പെടുന്നത്. 3.4 ലക്ഷത്തോളം ക്യൂബക്കാരെ വൈറസ് ബാധിച്ചു. ദിവസവും 11,000ത്തിലേറെ പുതിയ കേസുകൾ. 108 പേർ മരിച്ചു, അതിൽ 101 പേരും കുട്ടികൾ.

അടിയന്തരമായി രോഗത്തെ പിടിച്ചുകെട്ടാനായി ക്യൂബൻ ആരോഗ്യ വകുപ്പ് കണ്ടെത്തിയ പുതിയ മരുന്ന് പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു. ദിവസങ്ങൾക്കകം മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായി. ലോകത്ത് ഇന്റർഫെറോൺ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംഭവം എന്നാണ് ഇതിനെ ക്യൂബ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ ‘ബയോളിക്കൽ ഫ്രണ്ട്’ രൂപീകരിക്കാനുള്ള സർക്കാർ തീരുമാനവുമെത്തി. ക്യൂബൻ ഗവേഷകരെ സർക്കാർ ചിലവിൽ വിദേശത്ത് അയച്ചു പഠിപ്പിച്ചു. ഉയർന്ന അളവിൽ ഇന്റർഫെറോൺ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

പിന്നീട് 1986ൽ കേരി കാന്റെൽ വീണ്ടും ക്യൂബയിലെത്തുമ്പോൾ ഇന്റർഫെറോണിന്റെ കൂടുതൽ ശക്തിയുള്ള വകഭേദമായ ആൽഫ 2ബി തയാറായിക്കഴിഞ്ഞിരുന്നു. ആ വർഷംതന്നെയാണ് ക്യൂബയുടെ സെന്റർ ഫോർ ജനറ്റിക് എഞ്ചിനീയറിങ് ആന്റ് ബയോടെക്‌നോളജി ആരംഭിക്കുന്നത്. ക്യൂബയിൽ പടർന്ന മസ്തിഷ്‌ക ജ്വരത്തെയും രാജ്യം പ്രതിരോധിച്ചത് ഈ പഠനങ്ങളുടെ സഹായത്താലാണ്.

വൈറസ് രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി, എയ്ഡ്‌സ്, ഡെങ്കു, ചിലയിനം ത്വക്ക് രോഗങ്ങൾ എന്നിവയെ ക്യൂബ പ്രതിരോധിച്ചതും ഇന്റർഫെറോൺ ഉപയോഗിച്ചായിരുന്നു. വൈറസുകളുടെ ആർഎൻഎ നശിപ്പിക്കാൻ കഴിയുന്ന ആർഎൻഎ എൻസൈമുകൾ ഉൽപാദിപ്പിക്കുന്ന ജീനുകളെ ഉത്തേജിപ്പിക്കാൻ ഇന്റർഫെറോണിനു കഴിയും. അതുകൊണ്ടാണ് കൊവിഡ് 19 ബാധയ്ക്ക് ഈ മരുന്ന് ഉപയോഗിക്കാൻ തീരുമാനിച്ചത്.

പലവിധത്തിലുള്ള ഉപരോധങ്ങൾ നേരിടുന്ന ക്യൂബ ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് സ്വയം ആർജ്ജിച്ചെടുത്തത്. കൊറോണ ലോകത്തെ കീഴടക്കാൻ ആരംഭിച്ചതോടെ ഇതുവരെ ആറോളം മെഡിക്കൽ സംഘത്തെ മറ്റ് രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയിലേക്ക് വന്നിറങ്ങിയ ക്യൂബൻ മെഡിക്കൽ സംഘത്തിന് സോഷ്യൽമീഡിയയിലടക്കം വലിയ പിന്തുണയാണ് ലഭിക്കുന്നത്.