നിര്‍ഭയ കേസ് പ്രതികളെ പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റി | Malayoram News


ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതികളായ നാലുപേരെയും തീഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കും സംഭവം വഴിവെച്ചു. രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഇന്ത്യാ ഗേറ്റും രാഷ്ട്രപതി ഭവനും വളഞ്ഞു ഇതുവരെ കാണാത്ത പ്രതിഷേധത്തിനും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചു.

2012 ഡിസംബര്‍ 29 നാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. പ്രതികളായ ആറുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു. 9 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ സാകേതിലെ അതിവേഗ കോടതി കേസിലെ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. മുഖ്യപ്രതി രാംസിംഗ് തിഹാര്‍ ജയിലില്‍ വെച്ച് മരിച്ചിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പ്രതി ദുര്‍ഗുണ പരിഹാര പാഠശാലയിലുമായി.

വലിയതോതിലുള്ള നിയമ പോരാട്ടമാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയുന്നതിനായി നടന്നത്. നിയമത്തിലെ പഴുതുകളും വ്യവസ്ഥകളും ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കാനുള്ള മരണ വാറണ്ട് പലതവണ റദ്ദുചെയ്യുന്ന സാഹചര്യവുമുണ്ടായി.

കുറ്റക്കാരുടെ അഭിഭാഷകനായ എ പി സിങ്  ശിക്ഷ ഒഴിവാക്കുന്നതിന് അവസാനവട്ട ശ്രമം നടത്തി. പവന്‍ ഗുപ്ത സമര്‍പ്പിച്ച രണ്ടാം ദയാ ഹര്‍ജി വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിരാകരിച്ചു.  മരണ വാറന്റ് സ്റ്റേ ചെയ്യണമെന്ന ആവശ്യം  പട്യാല ഹൗസ് കോടതിയും തള്ളി.   അതിനിടെ, പവന്‍ ഗുപ്ത സമര്‍പ്പിച്ച രണ്ടാത്തെ തിരുത്തല്‍ ഹര്‍ജിയും സുപ്രീംകോടതി തള്ളി.  സംഭവം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്ന വാദവുമായി മുകേഷ് സിങ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളി.

6.15 ഓടെ കഴുമരത്തില്‍ നിന്ന് മൃതദേഹങ്ങള്‍ മാറ്റി. രാവിലെ 8.30ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കും. വലിയ ആള്‍ക്കൂട്ടമാണ് ശിക്ഷാ സമയത്ത് തിഹാര്‍ ജയിലിന് മുന്നിലുണ്ടായിരുന്നത്. ശിക്ഷ നടപ്പാക്കിയതോടെ വലിയ ആഹ്ലാദപ്രകടനമാണ് ജയിലിന് മുന്നില്‍ നടന്നത്.