കൊറോണ ; വായ്‌പാ തിരിച്ചടവ്‌ ഒരുവർഷം നീട്ടും, മൂന്നു മാസത്തേയ്‌ക്ക്‌ എല്ലാ ജപ്‌തി നടപടികളും നിർത്തും | CoViD-19 ; All Bank Recovery Will Postpone to Three Months



തിരുവനന്തപുരം : ബാങ്ക്‌ വായ്‌പാ തിരിച്ചടവ്‌ കാലാവധി ഒരുവർഷം നീട്ടാൻ സംസ്ഥാനതല ബാങ്കേഴ്സ്‌ സമിതി റിസർവ്‌ ബാങ്കിന്റെ അനുമതി തേടി. സാധനങ്ങൾ വാങ്ങാൻ 25,000 രൂപവരെ ഉപഭോക്തൃ  വായ്‌പ നൽകുന്ന  പദ്ധതിയും നടപ്പാക്കും. മൂന്നു മാസത്തേയ്‌ക്ക്‌ എല്ലാ ജപ്‌തി നടപടികളും നിർത്തും. ബുധനാഴ്‌ച ചേർന്ന ബാങ്കേഴ്‌സ്‌ ഉപസമിതിയാണ്‌ ഈ നിർദേശങ്ങൾ അംഗീകരിച്ചത്‌.  കോവിഡിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ബാങ്കേഴ്‌സ്‌ സമിതി പ്രതിനിധികളുടെ യോഗത്തിലാണ്‌ ഈ  നിർദേശങ്ങൾ ഉയർന്നത്‌.  

എല്ലാ വായ്‌പകളും തിരിച്ചടക്കാൻ ഒരുവർഷത്തെ  ഇടവേള അനുവദിക്കണമെന്നാണ്‌ ശുപാർശ. കോവിഡ്‌ എല്ലാ സാമ്പത്തിക മേഖലയെയും  ബാധിക്കുന്നതിനാൽ ഇത്തരമൊരു തീരുമാനമുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം ഉപസമിതി അംഗീകരിക്കുകയായിരുന്നുവെന്ന്‌ ബാങ്കേഴ്‌സ്‌ സമിതി കൺവീനർ എൻ അജിത്‌ കൃഷ്‌ണൻ പറഞ്ഞു.  തിരിച്ചടവ്‌ കാലാവധിയുടെ മാറ്റത്തിനനുസരിച്ച്‌ തവണ തുകയിൽ  ക്രമീകരണമുണ്ടാകും. ജനുവരി 31ന്‌ തിരിച്ചടവ്‌ കൃത്യമായിരുന്ന വായ്‌പകൾക്ക്‌ ആനുകൂല്യം ലഭിക്കും.  അപേക്ഷിക്കുന്നവർക്ക്‌ വായ്‌പ പുനഃക്രമീകരിക്കും.

10,000 മുതൽ 25,000 രൂപവരെ ഉപഭോക്തൃ വായ്‌പാ വിതരണത്തിനാണ്‌ തീരുമാനം. രണ്ടുവർഷമാകും തിരിച്ചടവ്‌ കാലാവധി. ആദ്യ മൂന്നുമാസം ഇളവുണ്ടാകുമെന്നും അജിത്‌ കൃഷ്‌ണൻ പറഞ്ഞു. ജനങ്ങളുടെ വരുമാനം കുറയുന്ന സാഹചര്യത്തിൽ ക്രയവിക്രയങ്ങൾ വർധിപ്പിക്കാൻ വായ്‌പാ സൗകര്യമൊരുക്കണമെന്ന്‌ സർക്കാർ ആവശ്യപ്പെട്ടിരുന്നു.