'അന്ന് കൂവിയത് ഒട്ടും തെറ്റായി തോന്നുന്നില്ല'; ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിത്തിനെതിരെ പ്രതിഷേധിച്ച ആര്യ പറയുന്നു. | Malayoram News


കൊച്ചി : സ്‌ത്രീവിരുദ്ധവും അശാസ്‌ത്രീയവുമായ പ്രസ്‌താവനകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന രജിത് കുമാറിനെതിരെ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂവി പ്രതിഷേധിച്ചത് ഒട്ടും തെറ്റായി തോന്നുന്നില്ലെന്ന് തിരുവനന്തപുരം വനിതാ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ആര്യ സുരേഷ്.  അന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്നത് ചില അധ്യാപകരുൂം രക്ഷിതാക്കളുമായിരുന്നെങ്കില്‍, ഇന്ന് എന്ത് കണ്ടാലും കയ്യടിക്കുകയും മറ്റുള്ളവരെ അസഭ്യം പറയുകയും ചെയ്യുന്ന കൂട്ടരുമാണെന്ന് ആര്യ പറഞ്ഞു. 'അഴിമുഖം' ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്യയുടെ പ്രതികരണം.

'ഞാന്‍ ചെയ്യാനുള്ളത് അന്ന് ചെയ്‌തു. പലരും പറയുന്നത് കേട്ടു രജിത് എന്ത് ചെയ്‌തു എന്നെന്തിനാണ് നോക്കുന്നത് ആ പരിപാടിയില്‍ ഉള്ളത് മാത്രം നോക്കിയാല്‍ പോരെ എന്ന്. ആ പരിപാടി ഞാന്‍ കാണാറില്ലെങ്കിലും അയാള്‍ ഏത് രൂപത്തില്‍ വന്ന് എന്ത് പറഞ്ഞാലും അതിനോട് യോജിക്കാന്‍ എനിക്ക് കഴിയില്ല. അന്ന് ഞാന്‍ ചെയ്‌തത് തെറ്റായിപ്പോയി എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല.  - ആര്യ പറഞ്ഞു.

2013 ല്‍ വിദ്യാഭ്യാസ വകുപ്പിന്റെ മൂല്യബോധന യാത്രയില്‍ തിരുവനന്തപുരം വനിതാ കോളേജില്‍ വെച്ചാണ് ആര്യ രജിത് കുമാറിനെതിരെ പ്രതിഷേധിച്ചത്. 'പുരുഷ വര്‍ഗ്ഗത്തിന് വെറും 10 മിനിറ്റ് മതി ബീജം ഒരു പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാന്‍ കഴിയുന്നവരാണ് പെണ്‍കുട്ടികള്‍.' - ഇങ്ങനെയൊക്കെയായിരുന്നു അന്ന് രജിത്ത് നടത്തിയ പ്രസംഗം. ഈ പ്രസംഗം കേട്ടുകൊണ്ടിരുന്ന ആര്യ, രജിത്തിനു നേരെ കൂവിക്കൊണ്ട് ഇറങ്ങിപ്പോകുകയായിരുന്നു. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ അവരെ പ്രാപ്‌തരാക്കുവാന്‍ വേണ്ടി കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെ നടത്തിയ മൂല്യബോധന യാത്രയിലായിരുന്നു രജിത് കുമാറിന്റെ ഈ സ്‌ത്രീവിരുദ്ധ പ്രസ്‌താവന. ഇത് കൂടാതെ പല അശാസ്ത്രീയ പ്രചരണങ്ങളും ഇയാള്‍ നടത്താറുണ്ട്.