ഇന്ന് 11 പേര്‍ക്ക് കൊറോണ ; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍; നിയന്ത്രണം കര്‍ശനമാക്കി


തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂരില്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഒന്ന് വീതമാണ് രോഗബാധിതര്‍. പാലക്കാട്ടുകാരനായ ഒരാളുടെ പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. വിദേശത്ത് നിന്ന് വന്ന അഞ്ച് പേര്‍ക്കും കോഴിക്കോട് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാള്‍ കണ്ണൂര്‍ ജില്ലയിലാണ്. ഇരുവരും കേരളത്തിന് പുറത്തുനിന്ന് ട്രെയിനില്‍ വന്നവരാണ് മുഖ്യമന്ത്രി അറിയിച്ചു.

437 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 127 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ 20,821 സാമ്പിളുകള്‍ പരിശോധിച്ചു. 19,998 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗവ്യാപനം കണക്കിലെടുത്ത് പൊലീസ് പരിശോന ശക്തമാക്കി. ഇത് ഫലം കണ്ടെന്നും വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. ജനം പരമാവധി വീട്ടില്‍ തന്നെ കഴിയണമെന്നും അവശ്യ വസ്തുക്കള്‍ ഹോം ഡെലിവറി ആയി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈറസ് വ്യാപനം ദേശീയതലത്തിലും സംസ്ഥാനത്തും കനത്ത സാമ്പത്തിക ആഘാതമാണ് ഏല്‍പ്പിക്കുന്നത്. ദേശീയ സമ്പദ് വ്യവസ്ഥ വളര്‍ച്ചാ മാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് രോഗവ്യാപനം തുടങ്ങിയത്. എട്ട്, ഒന്‍പത് ശതമാനം വളര്‍ച്ചയുണ്ടായിരുന്നത് അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുമ്പോഴാണ് രോഗം വന്നത്.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ പശ്ചാത്തല സൗകര്യ വികസനവും സാമൂഹ്യ ഇടപെടലും ശക്തമാക്കി സാമ്പത്തിക വളര്‍ച്ച 7.5 ശതമാനത്തില്‍ നിലനിര്‍ത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. നാം രണ്ട് പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടു. എന്നിട്ടും ഈ രീതിയില്‍ വളര്‍ച്ച നേടി. സംസ്ഥാനത്തിന്റെ പൊതുധനകാര്യ രംഗത്ത് ഞെരുക്കം അനുഭവപ്പെട്ടു. സാമൂഹ്യ ക്ഷേമ ചിലവുകളില്‍ നിന്ന് സര്‍ക്കാര്‍ എന്നിട്ടും പുറകോട്ട് പോയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനത് നികുതി വരുമാനം ഏതാണ്ട് നിലച്ചിരിക്കുകയാണ്. ചിലവിന്റെ കാര്യത്തില്‍ വലിയ വര്‍ധനവുണ്ടാവുന്നു. ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മേഖലയില്‍ സര്‍ക്കാരിന് ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചിലവുകള്‍ ഒഴിവാക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എല്ലാ ജനവിഭാഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് ആശ്വാസകരമാണ്. കൈനീട്ടമായി കിട്ടിയ നാണയത്തുട്ട് മുതല്‍ മാസ വരുമാനം വരെ സംഭാവന നല്‍കുന്നു. ക്ഷേമ പെന്‍ഷനില്‍ ഒരു പങ്ക് തരുന്നവരുണ്ട്. ഭക്ഷണ ചിലവില്‍ നിന്ന് ഒരു വിഹിതം മാറ്റിവച്ച് സംഭാവന നല്‍കുന്നവരുണ്ട്. പ്രവാസി മലയാളികള്‍ പ്രതിസന്ധി ഘട്ടത്തിലും സഹായം നല്‍കുന്നുണ്ട്,.

സര്‍ക്കാര്‍ ജീവനക്കാരും അവരുടെ സംഘടനകളും സംഭാവന നല്‍കാന്‍ തയ്യാറാകുന്നുണ്ട്. വെല്ലുവിളി വലുതായതിനാല്‍ ഉദാരമായ സഹായം പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗം താത്കാലികമായി മാറ്റിവയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇങ്ങനെ മാറ്റിവയ്ക്കുന്നത് മൊത്തം ഒരു മാസത്തെ ശമ്പളമായിരിക്കും. മാസത്തില്‍ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്കാണ് ഇത്തരത്തില്‍ മാറ്റിവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.