കോവിഡ്‌-19; സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കും; ജില്ലകള്‍ക്ക് പകരം സോണ്‍ ആയി തിരിച്ചു ക്രമീകരണം; ഇളവുകള്‍ അനുവദിക്കുക തിങ്കളാഴ്ചയ്ക്ക് ശേഷം


തിരുവനന്തപുരം : സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണില്‍ വരികയെന്നും കേന്ദ്ര ലിസ്റ്റില്‍ കോഴിക്കോട് ഗ്രീന്‍ ലിസ്റ്റിലും നിലവില്‍ ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണെന്നും കേരളത്തിന്റെ വിലയിരുത്തല്‍.

ഈ ആശയക്കുഴപ്പം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കാനാണ് ധാരണ. ഹോട്ട് സ്‌പോട്ട് ജില്ലകള്‍ക്ക് പകരം മേഖലകളാക്കി തിരിക്കുമെന്നും മാര്‍ഗരേഖ കേന്ദ്രത്തിന്റെത് തന്നെയെന്നും മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി.

നിലവില്‍ കേന്ദ്രത്തിന്റെ ഹോട് സ്‌പോട്ട് തരം തിരിക്കല്‍ അശാസ്ത്രീയം എന്നും യോഗം വിലയിരുത്തി. ഇളവുകള്‍ ഏര്‍പ്പെടുത്തുകയാണെങ്കിലും അത് ഏപ്രില്‍ ഇരുപതിന് ശേഷം മാത്രമെ നടപ്പാക്കുകയുള്ളൂ.

എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം ഒരു തരത്തിലും മറികടക്കുന്ന തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന ജാഗ്രതയും തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ട്.

ഒരുമിച്ച് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തില്‍ ഒരു തീരുമാനത്തിനും നിലവില്‍ സാധ്യതയില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി.

ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

ഈ മാസം 20 വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും തിങ്കളാഴ്ചയ്ക്ക് ശേഷമായിരിക്കും ഇളവുകള്‍ അനുവദിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

20 ന് ശേഷം കാര്‍ഷിക – പരമ്പരാഗത വ്യവസായ മേഖലകളില്‍ ഇളവ് നല്‍കും. കയര്‍, കശുവണ്ടി, മത്സ്യം, ബീഡി, കൈത്തറി മേഖലകളില്‍ ഇളവ് നല്‍കും.