സംസ്ഥാനത്ത് 8 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 13 പേർ രോഗമുക്തരായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 3 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേർ ദുബായിൽ നിന്നും വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായൽ നിന്നും വന്നവർ. കോഴിക്കോട് ജില്ലയിലെ രണ്ടുപേർക്കും കണ്ണൂർ ജില്ലയിലെ ഒരാൾക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതേസമയം കോവിഡ് 19 ബാധിച്ച 13 പേർ കൂടി ഇന്ന് രോഗമുക്തി നേടി. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 4 പേർ) പേരുടെയും എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ നിലവിൽ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,06,511 പേർ വീടുകളിലും 564 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 81 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 16,235 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 15, 488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.