അടച്ചിടല്‍ തുടരും, നീട്ടണമെന്ന് ഏഴ്‌ സംസ്ഥാനങ്ങൾ ; ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരണം | Seven states requested to continue lockdown after 14th april

ന്യൂഡൽഹി : കോവിഡ്‌ വ്യാപനം തടയാൻ പ്രഖ്യാപിച്ച രാജ്യവ്യാപക അടച്ചുപൂട്ടൽ നീളും. 14ന്‌ ശേഷവും അടച്ചുപൂട്ടൽ തുടരണമെന്ന്‌ വിവിധ സംസ്ഥാനങ്ങളും  ആരോഗ്യവിദഗ്‌ധരും ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണനയിലാണെന്ന്‌ കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. എന്നാൽ തീരുമാനം എടുത്തിട്ടില്ലെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അർവാൾ പറഞ്ഞു.ഒരാഴ്‌ചത്തെ സാഹചര്യംകൂടി വിലയിരുത്തിയശേഷമാകും അന്തിമതീരുമാനം.

ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ, ഛത്തീസ്‌ഗ‍ഢ്‌, ഹരിയാന, തെലങ്കാന, കർണാടകം സംസ്ഥാനങ്ങളാണ്‌ രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടണമെന്ന് ആവശ്യപ്പെട്ടത്‌. നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാല്‍മതി. അടച്ചിടല്‍ പിന്‍വലിച്ചാലും  ‘ഹോട്ട്‌സ്‌പോട്ടുകളിൽ’ കർശന നിയന്ത്രണം തുടരണമെന്നാണ് മറ്റ്‌ സംസ്ഥാനങ്ങളുടെ നിലപാട്. സംസ്ഥാന അതിർത്തി അടയ്‌ക്കാൻ അനുവദിക്കണമെന്ന്‌ ജാർഖണ്ഡും അസമും  ആവശ്യപ്പെട്ടു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കമുള്ള സംഘടനകളും വിദ​ഗ്ധരും അടച്ചിടല്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. മാർച്ച്‌ 24നാണ് മൂന്നാഴ്‌ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്‌.

മറ്റ്‌ സാധ്യതകളും പരിഗണനയിൽ

രാജ്യവ്യാപക അടച്ചിടലിന്‌ പകരം രോഗം പടരുന്ന മേഖലകളിൽ നിയന്ത്രണം കർക്കശമാക്കിയാൽമതിയെന്ന്‌ കേന്ദ്രമന്ത്രിമാർ തയ്യാറാക്കിയ നിര്‍ദേശമുണ്ട്‌.  ‘ഹോട്ട്‌ സ്‌പോട്ടുകളിൽ’ സമ്പൂർണ അടച്ചുപൂട്ടൽ തുടരണം. ഒരാഴ്‌ച തുടർച്ചയായി രോഗം റിപ്പോർട്ട്‌ ചെയ്യാത്ത മേഖലകളിൽ ഇളവനുവദിക്കും. വീണ്ടും പുതിയ രോഗികൾ ഉണ്ടായാൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തണം എന്നും ശുപാർശയുണ്ട്‌. കർശന നിയന്ത്രണമില്ലെങ്കിൽ ഒരാളിൽനിന്ന്‌ 30 ദിവസംകൊണ്ട്‌ 406 പേരിലേക്ക്‌ കോവിഡ്‌  പടരാമെന്ന്‌ ഐസിഎംആറിന്റെ പഠനം പറയുന്നു.

നീട്ടിയേക്കുമെന്ന്‌ ഉപരാഷ്ട്രപതി
അടച്ചുപൂട്ടൽ നീട്ടിയാൽ സഹകരിക്കണമെന്ന്‌ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു അഭ്യർഥിച്ചു. ആരോഗ്യത്തിനാണോ സമ്പദ്‌ഘടനയുടെ കെട്ടുറപ്പിനാണോ പ്രാധാന്യം നൽകേണ്ടതെന്ന ചോദ്യം ഉയർന്നാൽ ആരോഗ്യത്തിനുതന്നെയാണ്‌ പ്രഥമപരിഗണനയെന്ന്‌ ഉപരാഷ്ട്രപതി പറഞ്ഞു.