സംസ്ഥാനത്ത് ഇന്നും (04 മെയ് 2020) ആശ്വാസ ദിനം. ആർക്കും കോവിഡില്ല; 61 പേർകൂടി രോഗമുക്തരായി.

തിരുവനന്തപുരം : കേരളത്തിന് ഇന്നും ആശ്വാസം. ഇന്ന് ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടാതെ 61 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആകുകയും ചെയ്തു.

ഇതോടെ നിലവിൽ ചികിത്സയിലുള്ളത് 34 പേർ മാത്രമാണ്.

സംസ്ഥാനത്തുള്ള എല്ലാ അതിഥി തൊ‍ഴിലാളികളെയും തിരിച്ചയക്കുക എന്നതല്ല സര്‍ക്കാര്‍ നയം വീട്ടില്‍ പോവാന്‍ അത്യാവശ്യമുള്ളവരും താല്‍പര്യമുള്ളവരെയുമാണ് തിരിച്ചയക്കുന്നത്.

യാത്ര അവരുടെ താല്‍പര്യപ്രകാരമാണ് അവര്‍ ഇവിടുന്ന് പോകേണ്ടവരാണെന്ന അഭിപ്രായം സര്‍ക്കാറിനില്ല. ഇതുവരെ 13518 അതിഥി തൊ‍ഴിലാളികള്‍ നാടുകളിലേക്ക് മടങ്ങിയെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്താകെ 84 ഹോട്ടസ്പോട്ടുകളാണ് നിലവിലുള്ളത്. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് പലയിടങ്ങളിലും ഇതല്ല സ്ഥിതി രോഗ വ്യാപനം ഇപ്പോ‍ഴും രൂക്ഷമായ സ്ഥലങ്ങളുണ്ട് അവിടങ്ങളിലുള്ള മലയാളികള്‍ ആശങ്കയിലാണെന്നും ഇത് പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേരളീയരെ തിരിച്ചെത്തിക്കുന്നതിനായി നോണ്‍ സ്റ്റോപ്പ് ട്രെയ്നുകള്‍ ലഭ്യമാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ രാജ്യങ്ങളിലായി ഇതുവരെ 60 മലയാളികള്‍ വൈറസ് ബാധയേറ്റു മരിച്ചുവെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഒ‍ഴികെയുള്ള ഇടങ്ങളില്‍ ഓട്ടോമൊബല്‍ ഷോപ്പുകള്‍, വാഹന ഷോറൂമുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

റെഡ്സോണിലുള്‍പ്പെടെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ റോഡുകള്‍ അടച്ചിടുന്നില്ല. ഇക്കാര്യത്തില്‍ ആശയക്കു‍ഴപ്പത്തിന്‍റെ ആവശ്യമില്ല.

തിരിച്ചെത്തുന്നവര്‍ക്ക് വീട്ടുകാരുമായി ബന്ധപ്പെടുന്നതിന് എല്ലാവര്‍ക്കും ആവശ്യമെങ്കില്‍ സിമ്മുകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ട്.