ഇന്ന് (05 മെയ് 2020) മൂന്നുപേർക്ക് കോവിഡ്‌-19 ; മൂന്നുപേരും വയനാട്ടിൽ, പുതിയ ഹോട്ട് സ്പോട്ടുകൾ ഇല്ല.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വയനാട് ജില്ലയിലെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡ്രൈവറുടെ അമ്മ, ഭാര്യ, വണ്ടിയുടെ ക്ലീനറുടെ മകന്‍ എന്നിവര്‍ക്കാണ് രോഗം വന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ പോയി വരുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ അയഞ്ഞാല്‍ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രോഗബാധയുള്ള ആരുടെയും ഫലം ഇന്ന് നെഗറ്റീവ് ആയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സംസ്ഥാനത്ത് നിലവില്‍ 37 പേരാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍: 18, കോട്ടയം: 6, വയനാട്: 4, കൊല്ലം: 3, കാസര്‍കോട്: 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒരോരുത്തര്‍ വീതമാണ് ചികിത്സയില്‍ കഴിയുന്നത്.

21,342 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21,034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. നാലു ജില്ലകള്‍ കൊവിഡ് മുക്തമാണെന്നും പുതിയ ഹോട്ട് സ്‌പോര്‍ട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ മടങ്ങിവരവിന് ക്രമീകരണങ്ങളൊരുങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ വളരെ കുറച്ച് പേര്‍ മാത്രമാണ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം 2250 പേര്‍ എത്തും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരു വിവരമുണ്ട്. പക്ഷേ അടിയന്തരമായി നാട്ടില്‍ എത്തിക്കേണ്ടവരുടെ മുന്‍ഗണനാപട്ടിക കേരളം തയ്യാറാക്കിയപ്പോള്‍ 1,69,130 പേരുണ്ട്. തിരിച്ചു വരാന്‍ നോര്‍ക്ക വഴി താത്പര്യം അറിയിച്ചത് 4.42 ലക്ഷം പേരാണ്.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കി കിട്ടാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക് ഡൗണ്‍ കാരണം മാതാപിതാക്കളില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, വീസാ കാലവധി കഴിഞ്ഞവര്‍ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ പട്ടിക കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

ആദ്യഘട്ടത്തില്‍ തന്നെ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണമെന്നാണ് നമ്മള്‍ ആവശ്യപ്പെട്ടത്. സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റ് വഴി ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറേണ്ടതുണ്ട്. എന്നാല്‍ വിവരങ്ങള്‍ കൈമാറേണ്ട സംവിധാനം ഇതുവരെ നിലവില്‍ വന്നിട്ടില്ലെന്നും കേന്ദ്രസര്‍ക്കാരോ എംബസിയോ വിവരങ്ങള്‍ തന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മുന്‍ഗണനാലിസ്റ്റിലുള്ളവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം എന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലൂടേയും പ്രവാസികളെ കൊണ്ടു വരാം എന്നിരിക്കേ കണ്ണൂര്‍ വിമാനത്താവളം വഴി ആരേയും കൊണ്ടു വരുന്നില്ല. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 69,120 പേര്‍ കണ്ണൂരിലേക്ക് വരാനാണ് താത്പര്യപ്പെട്ടത്. ഈ ലോക്ക് ഡൗണിന്റെ കാലത്ത് മറ്റിടങ്ങളില്‍ വിമാനം ഇറങ്ങിയാല്‍ അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ഊഹിക്കാം. ഇക്കാര്യവും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.