ഇന്ന് (08 മെയ് 2020) ഒരാൾക്ക് മാത്രം കോവിഡ്‌ സ്ഥിതീകരിച്ചു, 10 പേര്‍ രോഗമുക്തര്‍, ചികിത്സയില്‍ 16 പേര്‍ മാത്രം; ഇനിയുള്ള നാളുകള്‍ പ്രധാനം, കരുത്തോടെയും ഐക്യത്തോടെയും ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ വൃക്കരോഗി കൂടിയാണ്.

കണ്ണൂര്‍ സ്വദേശികളായ 10 പേര്‍ ഇന്ന് രോഗമുക്തരായെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇനി കണ്ണൂരില്‍ ചികിത്സയിലുള്ളത് അഞ്ചു പേരാണ്. സംസ്ഥാനത്ത് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 16 പേര്‍ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരില്‍ അഞ്ചും വയനാട്: നാല്, കൊല്ലം: മൂന്ന്, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ ഒന്ന് വീതവുമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം.

ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 33 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് സ്ഥിരീകരിച്ച് നൂറ് ദിവസം

ഇന്ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച് നൂറ് ദിവസമായി. ജനുവരി 30ന് വിദേശത്ത് നിന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തില്‍ തന്നെ രോഗം പടരാതിരിക്കാന്‍ സാധിച്ചു. മാര്‍ച്ച് ആദ്യവാരമാണ് കൊവിഡിന്റെ രണ്ടാം വരവ്. രണ്ട് മാസങ്ങള്‍ക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറ് ദിവസം പിന്നിടുന്നതും രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ചതുമായ ഘട്ടത്തില്‍ കേരളത്തിനു പുറത്തും വിദേശത്ത് നിനനുമുള്ള പ്രവാസികളെ നാട്ടിലേക്ക് സ്വീകരിക്കുന്നു. ഇവരെ പരിചരിക്കാനുള്ള സന്നാഹം ഒരുക്കി. മൂന്നാം വരവ് ഉണ്ടാകാതിരിക്കാന്‍ എല്ലാം ചെയ്യുന്നു. ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തില്‍ നിന്ന് വര്‍ധിച്ച തോതില്‍ ഉണ്ടാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇതുവരെ 1886 മരണങ്ങള്‍ ഉണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ വലിയ തോതില്‍ വിജയിച്ചു. അതുകൊണ്ട് ഒന്നും ചെയ്യാനില്ലെന്നല്ല. ഇനിയുള്ള നാളുകള്‍ പ്രധാനം. കൂടുതല്‍ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.

വിമാനങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ ഒരുക്കങ്ങള്‍ വിലയിരുത്തി ചീഫ് സെക്രട്ടറി കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറി അഭിനന്ദനം അറിയിച്ചു. ഇന്നലെ 181 പ്രവാസികളുമായി അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയിലെത്തി. ഇവരില്‍ നാല് കൈക്കുഞ്ഞുങ്ങളും 49 ഗര്‍ഭിണികളെല്ലാം ഉള്‍പ്പെടുന്നു. ഇവരില്‍ അഞ്ച് പേരെ കളമശേരി മെഡിക്കല്‍ കോളേജില്‍ അസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ദുബായില്‍ നിന്നുള്ള വിമാനത്തില്‍ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. 177 പേര്‍ മുതിര്‍ന്നവരും അഞ്ച് പേര്‍ കുട്ടികളുമായിരുന്നു.

റിയാദില്‍ നിന്ന് 149 പ്രവാസികളുമായി ഇന്ന് പ്രത്യേക വിമാനം രാത്രി 8.30ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണ്ണാടക തമിഴ്‌നാട് സ്വദേശികളായ പത്ത് പേരും ഇതിലുണ്ട്. യാത്രക്കാരില്‍ 84 പേര്‍ ഗര്‍ഭിണികളും 22 പേര്‍ കുട്ടികളുമാണ്. അടിയന്തിര ചികിത്സയ്ക്ക് എത്തുന്ന അഞ്ച് പേരും 70 ലേറെ പ്രായമുള്ള മൂന്നു പേരുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.