കോവിഡ്‌-19 ; രോഗികളെ ഡിസ്ചാർജ് ചെയ്യുവാൻ പുതിയ പ്രോട്ടോകോളുമായി കേന്ദ്രം

ഡൽഹി : കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാൻ പുതിയ കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശം. രോഗിയുടെ ആരോഗ്യനില അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. നേരിയ രോഗലക്ഷണം ഉള്ളവരില്‍ മൂന്ന് ദിവസമായി പനി ഇല്ലെങ്കില്‍ പത്തുദിവസത്തിന് ശേഷവും, രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കില്‍ ടെസ്റ്റ് ചെയ്യാതെ ഡിസ്‍ചാര്‍ജ് ചെയ്യാം എന്നുമാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ ഇങ്ങനെയുള്ളവര്‍ ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും ഗുരുതരാവസ്ഥിയിലുള്ളവര്‍ക്ക് മാത്രം കോവിഡ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

രോഗം ഭേദമായവര്‍ക്ക് ആശുപത്രി വിടുന്നതിന് മുമ്പ് രണ്ടുതവണയാണ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ ഇനി ഗുരുതരമായി രോഗം ബാധിച്ച് ഭേദമായി ആശുപത്രി വിടുമ്പോള്‍ അതിന് മുമ്പായി ഒരു കോവിഡ് ടെസ്റ്റ് മാത്രംനടത്തിയാല്‍ മതിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.