ആദ്യവിമാനം നാളെ എത്തും; പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി ഒരുങ്ങി | Corona ; First flight tomorrow

കൊച്ചി : വിവിധ രാജ്യങ്ങളിൽനിന്ന്‌ തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ജില്ല ഒരുങ്ങി. വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിൽ ഇതിനായുള്ള ക്രമീകരണങ്ങളായി. ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ സ്വീകരിക്കാനുള്ള നടപടിയും പൂർത്തിയാക്കും. വ്യാഴാഴ്‌ചമുതലാണ് പ്രവാസികൾ എത്തിത്തുടങ്ങുന്നത്.

ആദ്യഘട്ടത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2150 പ്രവാസികൾ എത്തും. ആദ്യദിവസം അബുദാബി, ദോഹ എന്നിവിടങ്ങളിൽനിന്ന്‌ 200 പേർ വീതം മടങ്ങിയെത്തും. എട്ടിന്‌ ബഹ്റൈനിൽനിന്ന്‌ 200 പേരും ഒമ്പതിന്  കുവൈത്ത്, മസ്കത്ത്‌ എന്നിവിടങ്ങളിൽനിന്ന്‌ യഥാക്രമം 200, 250 പേർ വീതവും എത്തും. പത്താം തീയതി കോലാലംപുരിൽനിന്ന്‌ 250 പേരും 11ന് ദുബായ്‌, ദമാം എന്നിവിടങ്ങളിൽനിന്ന്‌ 200 പേർ വീതവും എത്തും. 12ന്‌ കോലാലംപുരിൽനിന്ന്‌ 250 പേരും 13ന് ജിദ്ദയിൽനിന്ന് 200 പേരുമാണ് ജില്ലയിൽ എത്തുക.

ഒന്നാംഘട്ടത്തിൽ പത്തു വിമാന സർവീസുകളാണ്‌ പ്രതീക്ഷിക്കുന്നത്‌. വിമാനങ്ങൾ എത്തിച്ചേരുന്ന സമയവിവരം നിശ്‌ചയിച്ചിട്ടില്ല. നോർക്കയിൽ പേര്‌ രജിസ്‌റ്റർചെയ്‌ത പ്രവാസികളെ തിരികെയെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ  സർക്കാർ ജില്ലാ ഭരണത്തിന്‌ നിർദേശം നൽകിയിരുന്നു. ഇതുപ്രകാരം കൊച്ചി അന്താരാഷ്‌ട്രവിമാനത്താവളത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഓരോ വിമാനത്തിലുമുണ്ടാകുന്ന യാത്രക്കാരുടെ വിവരങ്ങൾ അവർ  പുറപ്പെടുമ്പോൾത്തന്നെ, യാത്ര അവസാനിപ്പിക്കുന്ന വിമാനത്താവളങ്ങളിലേക്ക്‌ കൈമാറും‌. ഇത്‌  പ്രവാസികൾക്ക്  ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും പ്രയോജനപ്പെടും. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ  കെയർസെന്ററുകളിലോ മറ്റു സൗകര്യത്തിലോ   ക്വാറന്റിൻ ചെയ്യാനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. വിമാനത്താവള പരിസരത്ത്‌ ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അതിനാവശ്യമായ സൗകര്യമൊരുക്കി. വിമാനത്താവളത്തിൽ  മോക്ക്‌ഡ്രിൽ ഉൾപ്പെടെ നടത്തി. വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യഘട്ട സമ്പർക്കം പരമാവധി കുറയ്ക്കാനാവശ്യമായ നടപടി  സ്വീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക്‌ വളരെ കുറച്ചുപേരെ മാത്രം ചുമതലപ്പെടുത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാകും കാര്യങ്ങൾ ചെയ്യുക. 

വിമാനത്താവളത്തിൽ പരിശോധനയ്ക്ക്‌ തെർമൽ സ്‌കാനറുകൾ സജ്ജമാക്കി. തുറമുഖത്ത് തെർമൽ സ്‌കാനിങ്  ഉടൻ ഒരുക്കും. വിമാനത്താവളത്തിലെയും തുറമുഖത്തെയും ഒരുക്കങ്ങൾ കോവിഡ് നോഡൽ ഓഫീസർ ഡോ. ഹനീഷിന്റെ നേതൃത്വത്തിൽ നേരിട്ടെത്തി വിലയിരുത്തി. മാലി ദ്വീപിൽനിന്ന്‌ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യാക്കാർ കൊച്ചിയിലാണ്‌ എത്തുക. അവിടേക്കുള്ള കപ്പൽ പുറപ്പെട്ടുകഴിഞ്ഞു. യാത്രികരുമായി മടങ്ങിയാൽ 48 മണിക്കൂറിനുള്ളിൽ കൊച്ചിയിൽ കപ്പൽ എത്തും. ഇവർക്കും  ക്വാറന്റിനിൽ പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

വിദേശങ്ങളിൽനിന്ന് ഉൾപ്പെടെ തിരിച്ചെത്തുന്നവർക്ക് ക്വാറന്റിൻ  അടക്കം വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ജില്ലാ കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. എഡിഎം കെ ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കലക്ടർ എസ് ഷാജഹാൻ, സബ് കലക്ടർ സ്നേഹിൽ കുമാർസിങ്, ജില്ലാ മെഡിക്കൽ ഓഫീസർ  എൻ കെ കുട്ടപ്പൻ, ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ പങ്കെടുത്തു.

താമസസൗകര്യം റെഡി
വിദേശത്തുനിന്ന് എത്തുന്നവരെ  താമസിപ്പിക്കാനുള്ള നിരീക്ഷണകേന്ദ്രങ്ങൾ ജില്ലയിൽ സജ്ജമാണ്. ജില്ലയിലാകെ 4000 വീടുകൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും അറ്റാച്ച്ഡ് ബാത്ത്‌റൂം സംവിധാനവുമുള്ള വീടുകൾ മാത്രമേ അവസാന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളു.

മുമ്പ്  പഞ്ചായത്തുകളിൽമാത്രം നാലായിരത്തിലധികം വീടുകൾ കണ്ടെത്തിയിരുന്നു. അസൗകര്യങ്ങൾമൂലം നിരവധി വീടുകൾ പട്ടികയിൽനിന്ന് ഒഴിവാക്കി.  പഞ്ചായത്ത് പരിധിയിൽ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയിൽ 2000  വീടുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനുപുറമെ ഹോട്ടലുകളിലും ഹോസ്റ്റലുകളിലും വിദേശത്തുനിന്ന്  എത്തുന്നവർക്ക് താമസസൗകര്യം ഒരുക്കാനാണ് ജില്ല ഭരണനേതൃത്വം ശ്രമിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് താമസസ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കാനായി ഡബിൾ ചേംബർ ടാക്‌സി കാറുകളും തയ്യാറാക്കിയിട്ടുണ്ട്.