വിദേശത്ത് നിന്നും പണം അയക്കാൻ ഫെഡറൽ ബാങ്ക് സംവിധാനം ഒരുക്കി | Fed­er­al bank link with mon­ey gram

വിദേശ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ നാട്ടിലേക്കു വേഗത്തില്‍ പണമയക്കാന്‍ സംവിധാനമൊരുക്കി ഫെഡറല്‍ ബാങ്ക് രാജ്യാന്തര മണിട്രാന്‍സ്ഫര്‍ കമ്പനിയായ മണിഗ്രാമുമായി കൈകോര്‍ക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാനുള്ള സൗകര്യമാണ് ഇതുവഴി സാധ്യമാകുക.

ഇതോടെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ലളിതവും കൂടുതല്‍ വിശ്വസനീയവുമായ രീതിയില്‍ ഇന്ത്യന്‍ രൂപയില്‍ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനുള്ള വഴി തുറന്നിരിക്കുകയാണെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. പ്രവാസി നിക്ഷേപം സ്വീകരിക്കുന്നതില്‍ ഇന്ത്യയില്‍ മുന്‍നിരയിലുള്ള ബാങ്കായ ഫെഡറല്‍ ബാങ്കിന് മണിഗ്രാമുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനാകുമെന്നും അവര്‍ പറഞ്ഞു. ഡിജിറ്റല്‍ സാമ്പത്തിക സേവന രംഗത്ത് ഇന്ത്യയില്‍ മുന്നിട്ടുനില്‍ക്കുന്ന ഫെഡറല്‍ ബാങ്കുമായുള്ള പങ്കാളിത്തം ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് മണിഗ്രാം ചീഫ് റെവന്യൂ ഓഫീസര്‍ ഗ്രാന്‍ഡ് ലൈന്‍സ് പറഞ്ഞു. നിലവിലെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിൽ ഇരുന്നു തന്നെ പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം ലഭ്യമാകുന്നതിനാൽ ഈ പങ്കാളിത്തം വളരെ പ്രാധാന്യമുള്ളതാണെന്നു അദ്ദേഹം പറഞ്ഞു.

ലോക ബാങ്ക് കണക്കുകള്‍ പ്രകാരം വിദേശത്തു നിന്നും പ്രവാസി പൗരന്മാരുടെ പണം സ്വീകരിക്കുന്നതില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെത്തുന്ന പ്രവാസി നിക്ഷേപത്തിന്റെ 15 ശതമാനത്തിലേറെ പങ്കും ഫെഡറല്‍ ബാങ്ക് മുഖേനയാണ്. ഇന്ത്യയിലെ റെമിറ്റന്‍സ് വിപണിയില്‍ വലിയ പങ്കാളിത്തമുള്ള ഫെഡറല്‍ ബാങ്ക് മണിഗ്രാമുമായി കൈകോര്‍ക്കുന്നതോടെ ഈ വിപണി വിഹിതം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.