റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം | Kerala returns people, if they travel with Train, must have apply through Covid-19 Jagratha Portal

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി 'കോവിഡ്-19 ജാഗ്രത' പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്.

കോവിഡ്‌-19 ജാഗ്രതാ പോർട്ടൽ : covid19jagratha.kerala.nic.in/

ഇതുവരെ പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷന്‍, എത്തേണ്ട സ്റ്റേഷന്‍, ട്രെയിന്‍ നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. കേരളത്തിലിറങ്ങുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ വിശദാംശങ്ങള്‍ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈനില്‍ പ്രവേശിക്കേണ്ടതുമാണ്. ഹോം ക്വാറന്‍റൈന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ മാറ്റും. രോഗലക്ഷമുള്ളവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയരാക്കും.

റെയില്‍വെ സ്റ്റേഷനില്‍നിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഇത്തരം വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവര്‍ ഹോം ക്വാറന്‍റൈന്‍ സ്വീകരിക്കേണ്ടതുമാണ്. റെയില്‍വെ സ്റ്റേഷനില്‍നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ആള്‍ക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ പോകേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.