എം പി വീരേന്ദ്രകുമാർ അന്തരിച്ചു | MP Veerendrakumar Passed Away

കോഴിക്കോട് : രാജ്യസഭ അംഗവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി ദിനപത്രത്തിന്റെ എംഡിയുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  83 വയസായിരുന്നു.
കുറച്ച് കാലമായി ശാരീരിക അവശതകള്‍ കാരണം ചികിത്സയിലായിരുന്നു ഇദ്ദേഹം. കേരളത്തിലെ അറിയപ്പെടുന്ന സാഹത്യകാരനും, പ്രഭാഷകനും, സഞ്ചാരിയുമാണ് ഇദ്ദേഹം.
ജനതാദള്‍ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദള്‍ (യുണൈറ്റഡ്) എന്നിവയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്.
മാതൃഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനും മാനേജിങ് എഡിറ്ററും. മലബാറിലെ പ്രമുഖ പ്ലാന്ററുമാണ് ഇദ്ദേഹം.
ഹൈമവതഭൂവില്‍,സ്മൃതിചിത്രങ്ങള്‍,അമസോണും കുറേ വ്യാകുലതകളും, ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര,ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍,
ഗാട്ടും കാണാച്ചരടുകളും,രോഷത്തിന്റെ വിത്തുകള്‍,രാമന്റെ ദുഃഖം,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
ഹൈമവത ഭൂവില്‍ എന്ന കൃതിക്ക് 2010 ലെ കേന്ദ്ര സാഹിത്യ അക്കാദമിപുരസ്‌കാരവും, ആമസോണും കുറെ വ്യാകുലതകളും എന്ന പുസ്തകത്തിന് 2002 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.