അതിഥി തൊഴിലാളികളെയുമായി കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയ്ന്‍ ഇന്ന് വൈകുന്നേരം പുറപ്പെടും | Non Stop Tran From Aluva to Bhuvneshwar

ആലുവ :  അതിഥി തൊഴിലാളികളെയുമായി കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയ്ന്‍ ഇന്ന് വൈകുന്നേരം പുറപ്പെടും


ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും വഹിച്ച് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയ്ന്‍ ഇന്ന് വൈകുന്നേരം പുറപ്പെടും. ആലുവയില്‍ നിന്ന് ഒറീസ്സയിലെ ഭുവനേശ്വറിലേക്കാണ് നോണ്‍സ്‌റ്റോപ്പ് ട്രെയ്ന്‍ പുറപ്പെടുന്നത്.

വൈകുന്നേരം ആറുമണിക്ക് ആലുവയില്‍ നിന്നും ട്രെയ്ന്‍ പുറപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതിന് മുന്നോടിയായി ഒരു മോക്ഡ്രില്ലും ജില്ലാഭരണകൂടവും റെയില്‍വെയും സംയുക്തമായി നടത്തുന്നുണ്ട്.

25ല്‍ ചുവടെ ബോഗികള്‍ ഉള്ള ട്രെയ്‌നില്‍ കൃത്യമായ കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിച്ചുകൊണ്ട് 1200 പേരെയായിരിക്കും ഈ ട്രെയ്‌നില്‍ കൊണ്ടുപോവുക.

പെരുമ്പാവൂര്‍, ആലുവ, മൂവാറ്റുപുഴ തുടങ്ങിയ ഇടങ്ങളിലുള്ള അതിഥി തൊഴിലാളികളില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയനുസരിച്ചായിരിക്കും യാത്രക്കാരുടെ തെരഞ്ഞെടുപ്പ്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയ്‌നുകള്‍ ഇതേരീതിയില്‍ ഒരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതിഥി തൊഴിലാളികളെ ബസുകളില്‍ നാടുകളിലേക്ക് അയക്കുന്നത് അശാസ്ത്രീയമാണെന്നും ട്രെയ്ന്‍ അനുവദിക്കണമെന്നും ആദ്യം ആവശ്യപ്പെട്ടത് കേരളമാണ്.