പ്രവാസ ലോകത്ത് നിന്നും അവർ ആശ്വാസ തീരത്ത് വന്നിറങ്ങി, ഇനി പ്രാഥമിക പരിശോധനയിലേക്ക്. | Pravasi Vartha

കൊച്ചി : അബുദാബിയില്‍ നിന്നും പ്രവാസികളുമായി  ആദ്യ വിമാനം കൊച്ചിയിയില്‍  എത്തി. 181 യാത്രക്കാരാണ് ഉള്ളത്. ഇതില്‍ 4 കുട്ടികളും, 49 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. ഇവര്‍ക്കായി 5 എമിഗ്രേഷന്‍ കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ എത്തിയ പ്രവാസികള്‍ക്കായി എട്ട് കെഎസ്ആര്‍ടിസി ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്ക് മൂന്ന് ബസുകളാണ് അനുവദിച്ചിരിക്കുന്നത്.

40 ടാക്സികളും തയ്യാറാണ്. ശരാശരി 30 പേരടങ്ങുന്ന ആറ് സംഘങ്ങള്‍ തിരിച്ചാകും കൗണ്ടറിലേക്ക് ഇവരെ കൊണ്ടു വരിക. തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്ന് ബസുകളിലായി കൊണ്ടുപോകും. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ തൃശൂരിലേക്കാണ്.വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തിയ ശേഷമാണ് ഇവരെ പുറത്തെത്തിക്കുക.

എമിഗ്രേഷൻ നടപടികൾക്കായി അഞ്ച് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. പത്ത് ജീവനക്കാരാണ് ഇവിടെയുള്ളത്. പരമാവധി ഒന്നര മിനുട്ടിൽ നടപടികൾ പൂർത്തിയാക്കും. തുടർന്ന് ക്വാറന്റീനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് ക്ലാസ് നൽകും.

അഞ്ച് മിനുട്ടാണ് ഈ ക്ലാസിന്റെ ദൈർഘ്യം. ജില്ലാ ഭരണകൂടമാണ് ക്ലാസെടുക്കുന്നത്. പിന്നീട് ക്വാറന്റീൻ ലംഘിക്കില്ലെന്ന് സത്യവാങ്മൂലം എഴുതി വാങ്ങും.

നോർക്കയുമായി ബന്ധപ്പെട്ട് പാസ്പോർട്ട് സ്കാൻ ചെയ്ത ശേഷം വീണ്ടും തെർമൽ സ്കാൻ നടത്തും. പിന്നീട് ജില്ല തിരിച്ച് യാത്രക്കാരെ ഇരുത്തും. അതിന് ശേഷം ഇവരെ ക്വാറന്റീനിലേക്ക് മാറ്റും.