ആളും ആരവവുമില്ല, തൃശൂർ പൂരത്തിന് കൊടിയിറക്കം | Thrissur Pooram

തൃശൂർ : ചരിത്രത്തിൽ ആദ്യമായി പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആളും ആരവവും ഇല്ലാത്ത പര്യവസാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗജവീരന്മാരും വാദ്യഘോഷങ്ങളും ആർപ്പുവിളികളുമില്ലാതെയാണ് പൂരം ദിനം കടന്നുപോയത്. ചരിത്രത്തിലാദ്യമായി ക്ഷേത്രത്തിനകത്ത് താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾ മാത്രമാണ് പൂര ദിനത്തിൽ നടന്നത്.

എല്ലാവർഷവും പൂരാസ്വാദകരെ ആവേശത്തിലാഴ്ത്തിയിരുന്ന പൂരത്തിന്റെ ദൃശ്യ ശ്രവ്യ വിസ്മയം ഇത്തവണ ഓർമ്മകളിൽ മാത്രമായിരുന്നു.പൂരം വിളംബരം ചെയ്ത് നെയ്തലക്കാവിലമ്മയുടെ തിടമ്പ് ഏറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തെക്കേ ഗോപുര നട തള്ളി തുറന്നില്ല .

36 മണിക്കൂർ നീണ്ട പൂരത്തിന് തുടക്കം കുറിച്ച് കണിമംഗലം ശാസ്താവ് വടക്കുംനാഥനിലേക്ക് എഴുന്നള്ളിയതുമില്ല.ഘടക പൂരങ്ങൾ ഓരോന്നായി ദേശക്കാർക്കൊപ്പം തേക്കിൻകാട് മൈതാനിയിലേക്ക് നടന്നു കയറിയില്ല. ഇലഞ്ഞിത്തറ മേളവും മഠത്തിൽ
വരവും പഞ്ചവാദ്യവുമിലായിരുന്നു.

തെക്കോട്ടിറക്കവും ദേശങ്ങൾ വിസ്മയങ്ങൾ ഒളിപ്പിച്ചുവെക്കുന്ന കുടമാറ്റവും വാശിയേറിയ വെടിക്കെട്ടും ഇക്കുറിയുണ്ടാകില്ല. തെക്കേ ഗോപുരനടയുടെ മുൻപിൽ മുഖാമുഖമായി ഗജവീരന്മാർ അണിനിരന്നതുമില്ല

ആയിരങ്ങളെ ആവേശത്തിലാറാടിക്കാതെ ഈ പൂരദിനം കടന്നു പോയി. കോവിഡ് ഭീതിയുടെ പശ്ചാത്തത്തിൽ ചടങ്ങുകളിലൊതുങ്ങിയ തൃശൂർ പൂരം അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. സർക്കാർ നിർദ്ദേശങ്ങളും ലോക്ഡൗൺ നിയമവും കൃത്യമായി പാലിച്ച് ഒരു പൂരക്കാലം..