കോവിഡ്‌ പിടിമുറുക്കുന്നു, സംസ്ഥാനത്ത് ഇന്ന് (24 ജൂൺ 2020) 152 പേർക്ക് പോസിറ്റിവ്. ഒന്നരലക്ഷത്തിലേറെ പേർ നിരീക്ഷണത്തിൽ.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 81 പേര്‍ രോഗമുക്തി നേടി.

98 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 46 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. 4941 സാമ്പിളുകൾ ഇന്ന് പരിശോധിച്ചു. 3603 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1691 പേർ നിലവിൽ ചികിത്സയിലുണ്ട്. 154759 പേരാണ് നിരീക്ഷണത്തിലുള്ളത്. 2282 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകൾ പരിശോധനക്കയച്ചു. 4005 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 40537 സാമ്പിളുകൾ ശേഖരിച്ചു. 39113 നെഗറ്റീവായി.

ഈ നിമിഷം വരെ കേരള സർക്കാർ ഒരു വിമാനത്തിന്‍റെ യാത്രയും മുടക്കിയിട്ടില്ല. 72 വിമാനങ്ങൾക്ക് ഇന്ന് മാത്രം കേരളത്തിലേക്ക് വരാൻ അനുമതി നൽകി. 14058 പേർ ഇന്ന് ഈ വിമാനങ്ങളിൽ നാട്ടിലെത്തും. ഒന്നൊഴികെ ബാക്കി 71  ഉം ഗൾഫിൽ നിന്ന് വരുന്നവയാണ്.

നമ്മുടെയാളുകൾ നാട്ടിലേക്ക് എത്തണമെന്ന നിലപാടിന്‍റെ ഭാഗമായാണ് ഇത്രയും വിമാനങ്ങൾക്ക് അനുമതി നൽകിയത്. 543 വിമാനങ്ങളും മൂന്ന് കപ്പലുകളും ഇതുവരെ സംസ്ഥാനത്ത് എത്തി. 335 എണ്ണം ചാർട്ടേഡ് വിമാനങ്ങൾ. 208 വന്ദേ ഭാരത് മിഷൻ വിമാനങ്ങളാണ്. 154 സമ്മതപത്രത്തിലൂടെ 1114 വിമാനങ്ങൾക്ക് അനുമതി നൽകി. ജൂൺ 30 ന് 400 ല്‍ ഏറെ ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകി.