മലപ്പുറത്ത് 5 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്‌-19 സ്ഥിതീകരിച്ചു.

മലപ്പുറം :  മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് ന‍ഴ്സുമാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

സെന്‍റിന്‍ സര്‍വെയുടെ ഭാഗമായി ശേഖരിച്ച സാമ്പിള്‍ പരിശോധിച്ചതിലൂടെയാണ് രോഗബാധ സ്ഥിരീകിച്ചത്. ജില്ലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമല്ലെന്നും സമൂഹവ്യാപനം ഇല്ലെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി കെടി ജലീല്‍ പറഞ്ഞു.

എന്നാല്‍ മലപ്പുറത്തെ സ്ഥിതിഗതികള്‍ സുഖകരമല്ലെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നും ജില്ലയിലെത്തുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ് അതുകൊണ്ട് തന്നെ രോഗികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ ഡിഎംഒയും ജില്ലാ കലക്ടറും ആരോഗ്യ പ്രവര്‍ത്തകരും യോഗം ചേരുകയാണ്.

രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാര്‍ ഇന്നലെ വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

വട്ടംകുളം പഞ്ചായത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലും ഇന്നലെ മറ്റ് അഞ്ചുപേര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. എടപ്പാള്‍ വട്ടംകുളം പഞ്ചായത്തുകള്‍ ഇതോടെ കണ്ടെയ്ന്‍മെന്‍റ് സോണുകളായി മാറും.