കോവിഡ്-19 : രോഗ തീവ്രത കൂടുന്നു, സംസ്ഥാനത്ത് ഇന്ന്‍ (20 ജൂണ്‍ 2020) 127 പേര്‍ക്കു കൂടി. നിപ്പ വൈറസ് മൂലം മരിച്ച സിസ്റ്റര്‍ ലിനിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.





തിരുവനന്തപുരം : സംസ്ഥാനത്ത്127 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇത്രയേറെ പേര്‍ക്ക് ഒരു ദിവസം രോഗം ബാധിക്കുന്നത് ഇതാദ്യമായാണ്.

ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡല്‍ഹി-9, തമിഴ്‌നാട്-5, ഉത്തര്‍ പ്രദേശ്-2, കര്‍ണാടക-2, രാജസ്ഥാന്‍-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് ഇന്നലത്തെ കണക്കുകൾ കൂടി കണക്കിലെടുത്താൽ നാല് തവണയാണ് നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം അഞ്ചിന് 111-ഉം ആറിന് 108-ഉം ഏഴിന് 107 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകൾ കൂടുന്നത് വലിയ ആശങ്ക സൃഷ്‌ടിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്‌. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നത്‌ ഉറപ്പാക്കാൻ പ്രത്യേകം പൊലീസിനെ നിയോഗിക്കും.

ഇന്ന്‌ കണ്ട ഒരു വാർത്ത നിപാ പ്രതിരോധത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച സിസ്‌റ്റർ ലിനിയുടെ ഭർത്താവ്‌ സജീഷ്‌ ജോലിചെയ്‌ത സ്ഥലത്തേക്ക്‌ കോൺഗ്രസ്‌ മാർച്ച നടത്തിയതാണ്‌. ലോകം മുഴുവൻ ആദരിക്കുന്ന പോരാളിയാണ്‌ സിസ്‌റ്റർ ലിനി. നിപാക്കെതിരായ പോരാട്ടത്തിന്റെ രക്ഷസാക്ഷിയാണ്‌ ലിനി. ആ കുടുംബത്തെ വേട്ടായാടാതിരുന്നുകൂടെ. ജീവതത്തിലെ പ്രതിസന്ധി കാലത്ത്‌ ആരാണ്‌ കൂടെ നിന്നത്‌ എന്ന്‌ ആ ചെറുപ്പക്കാരൻ പറഞ്ഞു എന്നതിന്റെ പേരിലാണ്‌ കോൺഗ്രസ്‌ വേട്ടയാടൽ.

ആരോഗ്യമന്ത്രിയെക്കുറിച്ച്‌ കെപിസിസി അധ്യക്ഷൻ ഏറ്റവും മ്ലേച്ഛമായി സംസാരിക്കുമ്പോൾ ആദ്യം പ്രതികരിക്കുക ലിനിയുടെ ഉൾപ്പെടെയുള്ള കുടുംബമായിരിക്കും. ഇതിന്റെ പേരിൽ ലിനിയുടെ കുടുംബത്തെ വേട്ടയാടാനാണ്‌ ശ്രമമെങ്കിൽ ഒരു രീതിയിലും അനുവദിക്കില്ല. സിസ്‌റ്റർ ലിനി കേരളത്തിന്റെ സ്വത്താണ്‌. ആ കുഞ്ഞുമക്കൾക്കും സജീഷിനും ഈ നാട്‌ സംരക്ഷണം നൽകും.