അഞ്ചല്‍ കൊലപാതകം ; പാമ്പിനെ ജാറിന്‍റെ അടപ്പുതുറന്ന്‌ ഉത്രയുടെ ശരീരത്തേക്ക്‌ ഇടുകയായിരുന്നുവെന്ന്‌ സൂരജിന്റെ മൊഴി.


 

അഞ്ചൽ : മൂർഖൻ പാമ്പിനെ പ്ലാസ്‌റ്റിക്‌ ജാറിന്‍റെ അടപ്പുതുറന്ന്‌ മയക്കിക്കിടത്തിയിരുന്ന ഉത്രയുടെ ശരീരത്തേക്ക്‌ ഇടുകയായിരുന്നുവെന്ന്‌ ഭർത്താവ്‌ സൂരജിന്റെ മൊഴി. വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ്‌ എടുത്ത കേസിൽ ഏറത്തെ വീട്ടിലെത്തിച്ച്‌ തെളിവെടുക്കുന്നതിനിടെയായിരുന്നു സൂരജിന്റെ മൊഴി. ഉത്രയുടെ ശരീരത്ത്‌ വീണ പാമ്പിനെ വടികൊണ്ട്‌ അടിച്ച്‌ കടിപ്പിക്കുകയായിരുന്നു.

ഞായറാഴ്‌ച രാവിലെ പത്തരയോടെയാണ്‌ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സൂരജിനെ സായുധരായ 50 ഫോറസ്‌റ്റ്‌ ഗാർഡുമാരുടെ വലയത്തിൽ ഏറത്ത്‌ എത്തിച്ചത്‌. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌. കിടപ്പുമുറിയിൽ പാമ്പിനെ എത്തിച്ചതും ഉത്രയെ കടിപ്പിച്ചതും അതിനായി സ്വീകരിച്ച മുന്നൊരുക്കങ്ങളും കൃത്യം നിർവഹിച്ചശേഷമുള്ള കാര്യങ്ങളും സൂരജ്‌ അന്വേഷക സംഘത്തോട്‌ വിവരിച്ചു. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്‌റ്റിക്‌ ജാർ ഉപേക്ഷിച്ച സ്ഥലവും കാണിച്ചുകൊടുത്തു.
ശക്തമായ സുരക്ഷാവലയത്തിലായിരുന്നെങ്കിലും സ്ഥലത്ത്‌ തടിച്ചുകൂടിയ ജനങ്ങൾ പ്രതിക്കുനേരെ കടുത്ത രോഷപ്രകടനമാണുണ്ടായത്‌.

ചിലർ സൂരജിനു നേരെ പാഞ്ഞടുത്തു. ഒടുവിൽ ഫോറസ്‌റ്റ്‌ ഗാർഡുമാർ ലാത്തിവീശിയാണ്‌ നാട്ടുകാരെ മാറ്റിയത്‌. ഹെൽമറ്റുവച്ച്‌ സൂരജിനെ തിരികെ കൊണ്ടുപോയപ്പോഴും നാട്ടുകാരുടെ പ്രതിഷേധം തുടർന്നു. പാമ്പിനെ ദുരുപയോഗം ചെയ്‌തതിനാണ്‌ സൂരജിനും പാമ്പിനെ നൽകിയ കല്ലുവാതുക്കലിലെ സുരേഷിനും എതിരെ വനംവകുപ്പ്‌ കേസെടുത്തത്‌. വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള ഇരുവരേയും തിങ്കളാഴ്‌ച പുനലൂർ കോടതിയിൽ ഹാജരാക്കും.