ഫാദേഴ്സ് ഡേയില്‍ ഇവരെ അല്ലാതെ മറ്റ് ആരെയാണ് ആദരിക്കേണ്ടത്...



സിഷ്‌ന അച്ഛൻ ആനന്ദകൃഷ്ണനൊപ്പം



കണ്ണൂർ : ആനന്ദകൃഷ്ണന്റെ വിരലുകളുടെ ചലനത്തിലൂടെയാണ്‌ സിഷ്‌ന ലോകത്തെ അറിയുന്നത്‌. കാണാനും കേൾക്കാനും സംസാരിക്കാനും കഴിയാത്ത മകളുടെ വെളിച്ചവും ശബ്ദവുമായാണ്‌ രണ്ടരപതിറ്റാണ്ടിലേറെയായി ഈ അച്ഛന്റെ ജീവിതം. പരിമിതികൾ ഇരുട്ടായും നിശബ്ദതയായും മുന്നിൽ വഴിമുടക്കിയപ്പോൾ സിഷ്‌ന അച്ഛന്റെ വിരലുകൾ മുറുകെപ്പിടിച്ചു. ആ വിരലുകളിലെ കരുതലായിരുന്നു അവളുടെ വിശ്വാസം.

മുംബൈയിൽ വർക്‌ഷോപ്‌ നടത്തിയിരുന്ന പൊന്ന്യം കുണ്ടുചിറയിലെ ആനന്ദകൃഷണന്റെയും പ്രീതയുടെയും മകളാണ്‌ സിഷ്‌ന. മാസം തികയാതെ ജനിച്ചതിനാൽ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. രണ്ട് മാസം കഴിഞ്ഞതോടെ കുഞ്ഞിന്റെ രണ്ട് കണ്ണിനും തിമിരം ബാധിച്ചെന്ന് മനസ്സിലായി. ശസ്‌ത്രക്രിയ നടത്തിയെങ്കിലും വലത്തെ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. മറ്റു കുട്ടികളെപ്പോലെ തിരിയാനും ചെരിയാനുമൊന്നും കുഞ്ഞു സിഷ്നക്കായില്ല. മൂന്നര വയസ്സുവരെ ഫിസിയോതെറാപ്പി. രണ്ടാം വയസിൽ ഹൃദയശസ്ത്ര ക്രിയയും നടത്തി. ഇതിനിടെ കേൾവിശക്തിയും ഇല്ലെന്ന് മനസ്സിലായി. പത്ത് വയസ്സാകുമ്പോഴേക്കും പൂർണമായും കാഴ്‌ച നഷ്ടപ്പെട്ടു. കാഴ്ചയും കേൾവിയുമില്ലാതായതോടെ സിഷ്നയുടെ പഠനവും പ്രതിസന്ധിയിലായി.
തുടർന്ന് ഇവർ‌ മുംബൈയിലേക്ക് തിരിച്ചുപോയി സിഷ്‌നയെ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തു. ബൈന്തറിൽനിന്ന്‌ 60 കിലോമീറ്റർ ദൂരെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് എന്നും അമ്മ പ്രീതയ്ക്കൊപ്പം ട്രെയിനിൽ സഞ്ചരിച്ചു. അവൾ പഠിക്കുന്നതോടൊപ്പം അച്ഛനും അമ്മയും വിരൽകൊണ്ടുള്ള ആംഗ്യഭാഷ പഠിച്ചു. പവർ ബ്രെയിലി ഉപയോഗിച്ച് മൊബൈലും കംപ്യൂട്ടറും ഉപയോഗിക്കാനും പഠിച്ചു. പഠനവും നാടകവും നൃത്തവുമായി 2017 വരെ അവിടെ കഴിഞ്ഞു. അവളുടെ സ്വപ്നങ്ങൾക്ക് നിറംപകരാനുള്ള യാത്രയിൽ മുംബൈയിലെ ജോലി ഉപേക്ഷിച്ച് അച്ഛനും ഒപ്പം ചേർന്നു. പേപ്പർ ബാഗും പെന്നും കുടകളും നിർമിച്ചും മോട്ടിവേഷൻ ക്ലാസെടുത്തും സിഷ്ന ഉയിർത്തെഴുന്നേറ്റപ്പോൾ ആനന്ദകൃഷ്‌ണൻ നിഴലായി കൂടെനിന്നു. ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുകയാണ് സിഷ്ന.

കടപ്പാട് : ദേശാഭിമാനി