ഷംനയെ ഭീഷണിപ്പെടുത്തിയത് സ്വർണക്കടത്ത് സംഘം തന്നെ. വാടാനപ്പളളി ഭാഗത്തു നിന്നുളള 6 പേരും പാലക്കാട് നിന്നുളള ഒരാളും സംഘത്തിൽ ഉണ്ട്. മോഡലുകളേയും നടികളേയും വാഹനത്തിലിരുത്തി ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് സ്വർണം എത്തിക്കലാണ് ഇവരുടെ ജോലി. ഇതിനായി മോഡലുകളുടേയും നടിമാരുടേയും നമ്പർ സംഘടിപ്പിച്ച് വിളിക്കും.
സൗഹൃദത്തിലായ ശേഷം സ്വർണം കടത്തുന്നതിനെ കുറിച്ച് പറയും. ഒരു ഗ്രാമിന് 200 രൂപ മോഡലിനോ നടിക്കോ കമ്മീഷൻ നൽകും. ഇത്തരത്തിലുളള കുറച്ചുപേരെ ഇവർ ലൈംഗികമായി ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ ആരും പരാതി നൽകിയിട്ടില്ല. പക്ഷെ പണം തട്ടിയെടുത്തെന്ന രീതിയിൽ കൂടുതൽ പെൺകുട്ടികൾ ഇപ്പോൾ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
കൊച്ചിയിലെ ഒരു പ്രമുഖ നടനിൽ നിന്നാണ് ഷംന കാസിമിന്‍റെ നമ്പർ വാങ്ങിയതെന്നാണ് ഇവരുടെ മൊഴി. ഷംനയെ സംഘത്തിൽ ഒരാൾ സ്വർണക്കടത്തിന് കമ്മീഷൻ വ്യവസ്ഥയിൽ കൂട്ടു നിൽക്കാൻ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചു വിളിച്ചു. ഇല്ല എന്ന് ഷംന അറിയിച്ചു. പിന്നീട് സംഘത്തിലെ മറ്റൊരാൾ വിളിച്ച് നേരത്തെ വിളിച്ചയാൾ തങ്ങളുടെ സ്റ്റാഫാണെന്നും താൻ ജ്വല്ലറി മുതലാളി ആണെന്നും മാപ്പ് പറയാൻ വിളിച്ചതാണെന്നും പറഞ്ഞു. പിന്നീട് ഷംനയുമായി പരിചയത്തിലായി.
വേറെ ഒരാളുടെ ഡിപിയാണ് ഇയാൾ ഉപയോഗിച്ചത്. തുടർന്ന് വിവാഹാലോചനയായി. ഷംന വീട്ടുകാരുമായി സംസാരിച്ചു. ഡിപിയിലെ പയ്യനെ ഷംനയുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടു. പെണ്ണിന്‍റെ വീട്ടിലേക്ക് വരാമെന്നായി സംഘം. ഒരു കാരണവരടക്കം മൂന്ന് നാലു പേർ ഷംനയുടെ വീട്ടിലേക്ക് പോയി. പയ്യന് തിരക്ക് കാരണം വരാനായില്ല എന്ന വിശദീകരണവും നൽകി. ഇവർ മൊബൈൽ ഫോണിൽ വീടും പരിസരവും ഷൂട്ട് ചെയ്തു.
ഇതിന് പിന്നാലെ വരനെന്ന് പറയുന്ന ആൾ ഷംനയെ വിളിച്ച് അത്യാവശ്യത്തിന് ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടതാണെന്ന് ഷംനയും കുടുംബവും മനസിലാക്കുന്നത്. ഷംന സംഘാംഗത്തിന്‍റേതായി നൽകിയ ഫോൺ നമ്പറുകളെല്ലാം വ്യാജ മേൽവിലാസത്തിൽ ഉളളതായിരുന്നു എന്നാൽ പൊലീസ് അന്വേഷണത്തിൽ സംഘത്തെ കണ്ടെത്തി.തൃശൂർ ജില്ലയിൽ വീട് വാടകക്കെടുത്ത് താമസിക്കുന്ന ഇവർക്കെല്ലാം ക്രിമിനൽ പശ്ചാത്തലമുണ്ട്.