ഇന്ത്യ-ചൈന അതിർത്തിയിൽ വെടിവെപ്പ് ; ഇന്ത്യൻ സൈനികര്‍ കൊല്ലപ്പെട്ടു;

തര്‍ക്കത്തില്‍ മരണം 45 വര്‍ഷങ്ങള്‍ക്ക് ശേഷം; സേനയുടെ വിശദീകരണം പിന്നീട്

ലഡാക്ക് : കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം.

ഇന്നലെ രാത്രിയില്‍ ഗാല്‍വന്‍ വാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്നു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനായി ഇരുഭാഗത്തേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേരുകയാണ്.

സംഭവത്തിലെ കൂടുതല്‍ വിശദീകരണങ്ങള്‍ പിന്നീട് നല്‍കാമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 1975ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ മരണം സംഭവിക്കുന്നത്.

അതേസമയം, സംഘര്‍ഷത്തില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ ഏകപക്ഷീയമായ നടപടി സ്വീകരിക്കരുത്. പ്രകോപനം ഉണ്ടാക്കരുത്. ഇന്ത്യയാണ് അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തിയതെന്നും ചൈന ആരോപിച്ചു.