ആഗസ്റ്റോടെ രോഗ വ്യാപന തോത് കൂടും ; എല്ലാവരും ട്രാക്കിങ്‌ റെക്കോർഡ് കരുതാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം.

തിരുവനന്തപുരം : രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ സന്നദ്ധത മാത്രം പോരാ. ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍ ആത്മാര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി യാത്ര ചെയ്യുന്നവര്‍ ബ്രേക് ദി ചെയ്ന്‍ ഡയറി സൂക്ഷിക്കണം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഉറവിടം കണ്ടെത്താനാവാത്ത കേസുകളില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങളുടെ സഹകരണം വേണം. നിലവില്‍ വളരെ ചുരുക്കം കേസുകളാണ് ഇത്തരത്തിലുള്ളത്. നടത്തുന്ന യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി വയ്ക്കണം.

ബ്രേക് ദി ചെയ്ന്‍ ഡയറി സൂക്ഷിക്കണം. യാത്രയുടെ പൂര്‍ണ്ണ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഇത് രോഗബാധിതന്‍ സന്ദര്‍ശിച്ച സ്ഥലം കണ്ടെത്താനും ആരൊക്കെ ഇവിടങ്ങളില്‍ ഉണ്ടായെന്ന് മനസിലാക്കാനും സഹായിക്കും.

ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന കണക്ക് പ്രകാരം ആഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ ഒരുപാട് കേസുകളുണ്ടാവും. നിലവിലെ സ്ഥിതി വച്ചുള്ള കണക്കാണിത്. ആ കണക്കില്‍ കൂടാനും കുറയാനും സാധ്യതയുണ്ട്.

ശ്രദ്ധ പാളിയാല്‍ സംഖ്യ കൂടുതല്‍ വലുതാകും. നിയന്ത്രണം എല്ലാവരും പാലിക്കണം. പൂര്‍ണ്ണ പിന്തുണ ഈ കാര്യങ്ങള്‍ക്ക് എല്ലാവരും നല്‍കണം. ഓരോ ആളും സഹകരിക്കാന്‍ പ്രത്യേകമായി തയ്യാറാകണം.