അമിത വണ്ണം അലട്ടുന്നുവോ ? ഈ കുറിപ്പ് നിങ്ങള്‍ക്കുള്ളതാണ്.



മിക്കവരും അമിതഭാരം നിയന്ത്രിക്കുന്നതില്‍ വിഷമിക്കുന്നു. അതിനാല്‍, മെറ്റബോളിസം എന്താണ് അര്‍ത്ഥമാക്കുന്നതെന്നും അത് ശരീരഭാരം നിയന്ത്രിക്കുന്നതിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. 

നാം കഴിക്കുന്നതും കുടിക്കുന്നതും ഊര്‍ജ്ജമാക്കി മാറ്റുന്നതിലൂടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി ഒരു ജീവജാലത്തിനുള്ളില്‍ സംഭവിക്കുന്ന രാസപ്രക്രിയയാണ് മെറ്റബോളിസം. നമ്മള്‍ വിശ്രമിക്കുമ്പോള്‍ പോലും, രക്തചംക്രമണം, ശ്വസനം, ഭക്ഷണം ദഹിപ്പിക്കല്‍, കോശങ്ങള്‍ നന്നാക്കല്‍ എന്നിങ്ങനെ അവയവങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ശരീരത്തിന് ഊര്‍ജ്ജം ആവശ്യമാണ്. ഈ രാസ പ്രക്രിയകള്‍ നടത്താന്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജത്തെ ബേസല്‍ മെറ്റബോളിക് റേറ്റ് (ബി.എം.ആര്‍) എന്ന് വിളിക്കുന്നു.

അടിസ്ഥാന ഉപാപചയ നിരക്ക് വ്യക്തികള്‍ക്കിടയില്‍ വ്യത്യാസപ്പെടുന്നു. ശരീരത്തിന്റെ വലിപ്പം, പ്രായം, ലിംഗഭേദം, ജീനുകള്‍ എന്നിവ പോലുള്ളവ ഉപാപചയ നിരക്ക് നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ്, പ്രമേഹം അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപാപചയ വൈകല്യങ്ങള്‍ എന്നിവ പോലുള്ള മെഡിക്കല്‍ പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയുടെ മെറ്റബോളിസത്തിന്റെ തോതിനെ ബാധിക്കുന്നു. ആളുകളുടെ പ്രായം കൂടുന്നതിനനുസരിച്ച് മെറ്റബോളിസം ക്രമാനുഗതമായി കുറയുന്നു.. നിങ്ങളുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തി ചയാപചയ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കുന്നതിലൂടെ അമിതവണ്ണവും ഭാരവും കുറയ്ക്കാനാകും. നിങ്ങളുടെ മെറ്റബോളിസം സ്വാഭാവികമായി മെച്ചപ്പെടുത്തുന്നതിനും കലോറി കത്തിക്കുന്നതിനുമായി അത്തരം ചില മാറ്റങ്ങള്‍ ഇവിടെ വായിച്ചറിയാം.



  ഭക്ഷണം ഒഴിവാക്കരുത്


ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രഭാതഭക്ഷണം നിങ്ങളുടെ മെറ്റബോളിസത്തെ ദിവസത്തിനായി സജ്ജമാക്കുന്നു. ഓരോ മൂന്ന് മണിക്കൂറിലും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. നിങ്ങള്‍ നേരത്തെ ഉറക്കമുണര്‍ന്ന് വൈകി പ്രഭാതഭക്ഷണം കഴിക്കുകയാണെങ്കില്‍, കലോറി കത്തുന്ന നിരവധി മണിക്കൂറുകള്‍ നിങ്ങള്‍ക്ക് നഷ്ടമാകും. ഒരാള്‍ക്ക് ഒരു ദിവസം 5 മുതല്‍ 6 വരെ പ്രാവശ്യം ഇടകലര്‍ന്ന രീതിയില്‍ ഭക്ഷണം ആവശ്യമാണ്. അതിനാല്‍ ഭക്ഷണം പോലും ഒഴിവാക്കരുത്.

  വെള്ളത്തിന്റെ പ്രാധാന്യം

നിങ്ങളുടെ മെറ്റബോളിസം ഉള്‍പ്പെടെ നിങ്ങളുടെ ശരീരത്തിലെ എല്ലാ രാസപ്രവര്‍ത്തനങ്ങളും ജലത്തെ ആശ്രയിച്ചിരിക്കുന്നു. അവശ്യ പോഷകവും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് വെള്ളം. വെള്ളം നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുക മാത്രമല്ല ശരീരത്തിന്റെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.


  പ്രോട്ടീന്‍ പവര്‍

കൊഴുപ്പിനും കാര്‍ബോഹൈഡ്രേറ്റിനും ഉപരിയായി നമ്മുടെ ശരീരം കൂടുതല്‍ കലോറി കത്തിക്കുന്നത് പ്രോട്ടീന്‍ ആഗിരണം ചെയ്യാനാണ്. നമ്മുടെ രക്തപ്രവാഹത്തിലേക്ക് ഇന്‍സുലിന്‍ സ്ഥിരപ്പെടുത്താന്‍ പ്രോട്ടീന്‍ സഹായിക്കുന്നു, ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. മത്സ്യം, മാംസം ചിക്കന്‍, ടോഫു, നട്‌സ്, ബീന്‍സ്, മുട്ട, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ ജി.ഐ (ഗ്ലൈസെമിക് സൂചിക) ഉള്ള ഓട്‌സ്, വിത്തുകള്‍, അണ്ടിപ്പരിപ്പ് എന്നിവയും കഴിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണ്.

  വ്യായാമം പതിവാക്കുക

കൊഴുപ്പിനേക്കാള്‍ കൂടുതല്‍ കലോറി പേശികള്‍ ഉപയോഗിക്കുന്നതിനാല്‍, പേശികളെ ശക്തിപ്പെടുത്തുന്നത് നിങ്ങളെ കൂടുതല്‍ കാര്യക്ഷമമായി കലോറി കത്തിക്കാന്‍ സഹായിക്കും. എയ്‌റോബിക് വ്യായാമം ഇതിന് ഉത്തമമാണ്. വ്യായാമങ്ങളിലൂടെ നിങ്ങളുടെ ശരീരം കൂടുതല്‍ കലോറി കത്തിക്കും. നടത്തം, സൈക്ലിംഗ്, നീന്തല്‍, എയ്‌റോബിക് വ്യായാമങ്ങള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക.

  ഭക്ഷണത്തിലെ മാറ്റം

ഭക്ഷണം സ്‌പൈസിയായി കഴിക്കുന്നത് നിങ്ങളുടെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് ഒരു വഴിയാണ്. മുളകിലുള്ള സംയുക്തമായ കാപ്‌സെയ്‌സിന്‍ നിങ്ങളുടെ മെറ്റബോളിസത്തെ ഉയര്‍ത്തുന്നു.
  മെറ്റബോളിസം മെച്ചപ്പെടുത്തല്‍ കോഫി

ഉപാപചയ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിരവധി ജൈവശാസ്ത്രപരമായി സജീവമായ പദാര്‍ത്ഥങ്ങള്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്നു. കട്ടന്‍ ചായയും, ഗ്രീന്‍ ടീയുമൊക്കെ കഴിക്കാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ തന്നെ ശുപാര്‍ശ ചെയ്യുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന കാറ്റെച്ചിന്‍സ് എന്ന ആന്റിഓക്‌സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യം സുസ്ഥിരമായവര്‍ക്ക് ബ്ലാക്ക് കോഫി കഴിക്കാം. ബിപി പ്രശ്‌നങ്ങള്‍ മറ്റ് രോഗാവസ്ഥകള്‍ ഉള്ളവര്‍ക്ക് ഗ്രീന്‍ ടീയും കഴിക്കാം. കാരണം അതില്‍ കഫീന്‍ കുറവാണ്.


  മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഊര്‍ജ്ജ നില ഉയര്‍ത്തുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രാവിലെ ആപ്പിള്‍ സിഡാര്‍ വിനഗര്‍ നേര്‍പ്പിച്ച വെള്ളം കഴിക്കുന്നത് ഒരു വഴിയാണ്. പ്രോട്ടീന്റെ മികച്ച ഉറവിടവും ഊര്‍ജ്ജത്തിന്റെ ശക്തികേന്ദ്രവുമായ ബദാം, ഫ്‌ളാക്‌സ് വിത്തുകള്‍, വാല്‍നട്ട് എന്നിവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇവ നിങ്ങളുടെ മെറ്റബോളിസം ഉയര്‍ത്തുന്ന ഭക്ഷണങ്ങളാണ്.
  മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

ധാതുക്കള്‍, പ്രോട്ടീന്‍, ഇരുമ്പ് എന്നിവയുടെ അടങ്ങിയ ബ്രോക്കോളി, ചീര, ശതാവരി തുടങ്ങിയ പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നവയാണ്. മറ്റൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഡാര്‍ക്ക് ചോക്ലേറ്റിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ മുന്തിരിയും ശരീരഭാരം കുറയ്ക്കാനും ഉപാപചയം മെച്ചപ്പെടുത്താനും ഉത്തമമാണ്.


  ഉറക്കം മറന്ന് കളി വേണ്ട

ശാരീരിക പ്രവര്‍ത്തനം ക്രമപ്പെടുത്താനും ആരോഗ്യം നിലനിര്‍ത്തുന്നതിനും ശരീരത്തിന് ഉറക്കം അത്യാവശ്യമാണ്. പഠനങ്ങള്‍ കാണിക്കുന്നത് 6 - 7 മണിക്കൂറില്‍ കുറവായി ഉറങ്ങുന്നവര്‍ക്ക് വിസറല്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നുവെന്നാണ്. തിരക്കേറിയ ജീവിതശൈലിയില്‍ നിങ്ങളുടെ ഉറക്കത്തെ മറന്നു കളിക്കാതിരിക്കാന്‍ പതിവ് ഉറക്ക ഷെഡ്യൂള്‍ നിലനിര്‍ത്തുക.