ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ ? എങ്കിൽ സൂക്ഷിക്കുക... നിങ്ങൾ അപകടത്തിലാണ്...

“കൊടുങ്കാറ്റ് കടന്നുപോകാൻ കാത്തിരിക്കരുത്, മഴയത്ത് നൃത്തം ചെയ്യാൻ പഠിക്കുക”- വിവിയൻ ഗ്രീനി ന്റേതാണ് ഈ വാക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സജീവമായി ചർച്ച ചെയ്ത വിഷയങ്ങളിൽ ഒന്നാണ് നടൻ സുശാന്ത് സിങ്ങിന്റെ ആത്മഹത്യ. അങ്ങ് ചന്ദ്രനിൽ പോലും ഭൂമിയുള്ള സുന്ദരനും, ബുദ്ധിശാലിയുമായ യുവാവിന്റെ ഞെട്ടിക്കുന്ന മരണ വാർത്ത ഓർക്കുമ്പോൾ ഈ വാക്കുകൾക്കുള്ള പ്രാധാന്യം ഏറെയാണ്

സുശാന്തിന്റെ മരണവാർത്ത പുറത്തു വന്നതോടെ ഏറെ ചർച്ചചെയ്യപ്പെട്ട മറ്റൊരു വിഷയം ഡിപ്രെഷനാണ്. ആത്മഹത്യ എന്ന വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ ഏറ്റവും കൂടുതൽ ആത്മഹത്യാപ്രവണത കാണിക്കുന്നത് schiz­o­phre­nia spec­trum dis­or­ders (SSD) എന്ന മാനസികരോഗമുള്ളവരാണെന്ന് പഠനം. എസ്എസ്ഡി സ്ഥിരീകരിച്ച 75,000 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തൽ. ജേണൽ സ്കിസോഫ്രീനിയയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

എന്താണ് സ്കിസോഫ്രീനിയ :
ഒരു വ്യക്തിയുടെ സ്വഭാവത്തെയും വിചാരവികാരങ്ങളെയും മൊത്തത്തിൽ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ (schiz­o­phre­nia). സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണിത്. 15‑നും 30‑നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിലും 25‑നും 30‑നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലുമാണ് സാധാരണയായി ഈ രോഗാവസ്ഥ കണ്ടു വരുന്നത്. ഈ അവസ്ഥയിൽ വ്യക്തികൾക്ക് യാഥാർഥ്യങ്ങൾ തിരിച്ചറിയാനും യുക്തിപൂർവം ചിന്തിക്കാനും ശരിയായ രീതിയിൽ പെരുമാറാനും വികാരപ്രകടനങ്ങൾ നടത്താനുമൊക്കെ പ്രയാസമനുഭവപ്പെടും.

സാധാരണയായി നൂറുപേരിൽ ഒരാൾക്ക് സ്കീസോഫ്രീനിയ കണ്ടുവരുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

രോഗ കാരണം :
തലച്ചോറിലെ രാസപദാർത്ഥങ്ങളായ ഡോപോമിൻ (dopamine) ഗ്ളൂട്ടമേറ്റ് (glu­ta­mate) എന്നിവയുടെ ഏറ്റക്കുറച്ചിലുകളാണ് ഈ രോഗത്തിനു കാരണമാകുന്നത്.

രോഗ ലക്ഷണങ്ങൾ :
മതിഭ്രമം, മിഥ്യാബോധം, ക്രമരഹിതമായ ചിന്ത എന്നിവയാണ് സ്കിസോഫ്രീനിയയുടെ രോഗ ലക്ഷണങ്ങൾ. സ്കിസോഫ്രീനിയയുള്ള ഒരാൾ എപ്പോഴും അസാധാരണമായ തരത്തിൽ പെരുമാറണം എന്നില്ല. ഇതിൻറെ ലക്ഷണങ്ങൾ എപ്പോൾ പ്രത്യക്ഷപ്പെടുമെന്നോ അപ്രത്യക്ഷമാകുമെന്നോ മുൻകൂട്ടി പറയാനാകില്ല. അതുപോലെ തന്നെ ഈ അസാധാരണ പെരുമാറ്റത്തിൻറെ തീവ്രത ഏറിയും കുറഞ്ഞുമിരിക്കും.

അമിതമായ സംശയവും പേടിയും പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്.മറ്റാളുകൾ തന്നെ കളിയാക്കി സംസാരിക്കുന്നു, കളിയാക്കുന്ന രീതിയിൽ പെരുമാറുന്നു എന്ന സംശയം. ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് വേറെ ആളുകളുമായി രഹസ്യ ബന്ധമുണ്ടെന്നും അവർ തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള സംശയം. മറ്റുള്ളവർ തന്നെ ഉപദ്രവിക്കാൻ അല്ലെങ്കിൽ ആക്രമിക്കാൻ ശ്രമിക്കുന്നു, തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, കൂടോത്രം ചെയ്യുന്നു, ഭക്ഷണത്തിൽ വിഷം ചേർക്കുന്നു എന്നിങ്ങനെയുള്ള പേടികൾ. അശരീരികൾ കേൾക്കുന്നതുപോലെ ഉള്ള അനുഭവങ്ങൾ, ഒറ്റയ്ക്കിരുന്നു ചിരിക്കുക, പിറുപിറുക്കുക എന്നിങ്ങനെയാണ് ലക്ഷണങ്ങൾ.

 മാനസികപരമായ പ്രശ്നങ്ങൾക്ക് ദിശ നിങ്ങളെ സഹായിക്കും.
ദിശ ഹെൽപ് ലൈൻ 1056, 0471 2552056