കോവിഡ്‌ - 19 : ജാഗ്രതയിലെ അലംഭാവത്തിന് നൽകേണ്ടിവരുന്നത് വൻ വില, സംസ്ഥാനത്ത്‌ സ്ഥിതി രൂക്ഷം; ഇന്ന്‌ (14 ജൂലൈ 2020) 608 പേർക്ക്‌ കോവിഡ്‌; 396 പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗം.

തിരുവനന്തപുരം : സംസ്ഥാനത്ത്  ഇന്ന് 608 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ മാത്രം 201 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. സൗദിയിൽ നിന്നും വന്ന ആലപ്പുഴ സ്വദേശിയായ പ്രവാസി ഇന്ന് കോവിഡ് രോ​ഗം ബാധിച്ചു മരിച്ചു.

സമൂഹവ്യാപനഭീതി ശക്തിപ്പെടുത്തി കൊണ്ട് പേർക്കാണ് ഇന്ന് 306 പേ‍‍ർക്ക് സമ്പർക്കം വഴി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ കോവിഡ് രോ​ഗികളിൽ 26 പേരുടെ വൈറസ് ഉറവിടം വ്യക്തമല്ല എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു. ആകെ കോവിഡ് ബാധിതരിൽ 130 പേർ വിദേശത്ത് നിന്നും വന്നവരാണ്. 68 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. ഇതുവരെയുള്ള ഏറ്റവും വലിയ കണക്കാണിത്. ആശങ്കയുളവാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് രോഗബാധയുണ്ടായി. ഇതുവരെയുള്ള ഏറ്റവും വലിയ കണക്കിനർത്ഥം നമ്മുടെ സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷതയിലെത്തുന്നു എന്നാണ്.

ഒരു കോവിഡ് മരണവുമുണ്ട്. ആലപ്പുഴ ചുനക്കര 47 വയസ്സുള്ള നസീർ ഉസ്‌മാൻകുട്ടിയാണ് മരിച്ചത്. അദ്ദേഹം വിദേശത്ത് നിന്ന് വന്നതാണ്. ഇന്ന് രോഗം ബാധിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 68 പേർ. സമ്പർക്കം 396. ഹെൽത്ത് വർക്കർമാർ 8, ബിഎസ്എഫ് 1, ഐടിബിപി 2, സിഐഎസ്എഫ് 2, സമ്പർക്കരോഗബാധ വന്നവരിൽ 26 പേരുടെ ഉറവിടം അറിയില്ല.

കഴിഞ്ഞ 24 മണിക്കൂറിൽ 14,227 സാമ്പിളുകൾ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേർ ആശുപത്രികളിലാണ്. ഇത് വരെ രോഗം സ്ഥിരീകരിച്ചത് 8930 പേർക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രികളിലാക്കി.

രോഗവ്യാപനം കൂടുന്നതിനാൽ ജില്ലകളിലെ പ്രവർത്തനത്തിൽ സഹായിക്കാൻ 14 ഐഎഎസ് ഉദ്യോഗസ്ഥരെ നൽകി. തിരുവനന്തപുരം കെ ഇമ്പശേഖർ, എസ് ചിത്ര കൊല്ലം, എസ് ചന്ദ്രശേഖർ പത്തനംതിട്ട, തേജ് രോഹിത് റെഡ്ഡി ആലപ്പുഴ, രേണു രാജ് കോട്ടയം, ഇ ആർ പ്രേമകുമാർ ഇടുക്കി, ജെറോമിക് ജോർജ് എറണാകുളം, ജീവൻ ബാബു തൃശ്ശൂർ, എസ് കാർത്തികേയൻ പാലക്കാട്, എൻഎസ്കെ ഉമേഷ് മലപ്പുറം, വീണ മാധവൻ വയനാട്, വി വിഘ്നേശ്വരി കോഴിക്കോട്, പിആർകെ തേജ കണ്ണൂർ, അമിത് മീണ കാസർകോട്.

തിരുവനന്തപുരത്ത് കളക്ടറെ സഹായിക്കാൻ ഇതേപോലെ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. റിവേഴ്‌സ് ക്വാറന്‍റീനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളും നിർമിക്കാൻ ഇവർ കലക്‌ടർമാരെ സഹായിക്കും. തിരുവനന്തപുരത്ത് ഇന്ന് രോഗം ബാധിച്ച 201 പേരിൽ 158 പേർക്കും സമ്പർക്കം വഴിയാണ് രോഗം വന്നത്.

ഇവരിൽ പൂന്തുറ, കൊട്ടക്കൽ, വെങ്ങാനൂർ, പുല്ലുവിള ക്ലസ്റ്ററുകളിൽ ഉള്ളവരാണ്. നാല് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ടായി. ഉറവിടം അറിയാത്ത 19 പേരുമുണ്ട്. ചില പ്രത്യേക പ്രദേശങ്ങളിൽ പ്രത്യേക നിയന്ത്രണമേർപ്പെടുത്തി. ആര്യനാട് ഗ്രാമപ‍ഞ്ചായത്തിലെ എല്ലാ വാർഡുകളെയും  കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്ന് ഒഴിവാക്കി.

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി. സൗജന്യറേഷൻ വിതരണം പൂർത്തിയായി. എറണാകുളത്ത് സമ്പർക്കരോഗവ്യാപനം കൂടിയ ചെല്ലാനം, ആലുവ, മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലും പ്രതിരോധപ്രവർത്തനം ശക്തമാക്കി. ടെസ്റ്റുകൾ കൂട്ടാൻ റാപ്പിഡ് ആക്ഷൻ ടീമിനെ നിയോഗിച്ചു. റേഷൻ എത്തിക്കാൻ സൗകര്യമൊരുക്കി. ചെല്ലാനത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററൊരുക്കും.

ആലപ്പുഴയിൽ ഇന്ന് 34 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 15 സമ്പർക്കം വഴിയാണ്. ഉറവിടം അറിയാത്ത 2 പേർ. കായംകുളം നഗരസഭ, ചേർത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പുളിങ്കുന്ന് എന്നീ പ‍ഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്‍റ് സോണുകളായി.കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ഐടിബിപി നൂറനാട്, കായംകുളം നഗരസഭ, ചേർത്തല പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളിൽ കർശനനിരീക്ഷണവും കൊവിഡ് ടെസ്റ്റിംഗും നടത്തുന്നുണ്ട്. ആകെ 130 ഐടിബിപി ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു. 201 സാമ്പിളുകളെടുത്തു. പോസിറ്റീവായവരെ ആശുപത്രിയിലാക്കി നെഗറ്റീവായവരെ നിരീക്ഷണത്തിലാക്കി. അലഞ്ഞുതിരിയുന്നവർ, അഗതികൾ എന്നിവരെയെല്ലാം സുരക്ഷിതമായി പാർപ്പിക്കും.

കോഴിക്കോട്ട് ഏറ്റവും കൂടുതൽ കേസുകൾ വന്നത് തൂണേരിയിലാണ്. ഇവിടെ ട്രിപ്പിൾ ലോക്ക് പ്രഖ്യാപിച്ചു. രണ്ട് പേരിൽ നിന്നാണ് 53 പേർക്ക് രോഗബാധയുണ്ടായത്. ഒരു സ്ത്രീക്കും പുരുഷനുമാണ് രോഗമുണ്ടായത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെയാണ് ആന്‍റിജൻ ടെസ്റ്റിന് വിധേയരാക്കിയത്.

ഉപയോഗശൂന്യമായ മാസ്‌കുകൾ വലിച്ചെറിയരുത്. ഇത് മൂലം രോഗം പടർന്നേക്കും. പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കണം. ഡബ്ല്യുഎച്ച്ഒ മാനദണ്ഡമനുസരിച്ച് രോഗവ്യാപനത്തിന് നാല് ഘട്ടമുണ്ട്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് ആളുകളെത്തി രോഗം പടരുന്ന സ്ഥിതി, ക്ലസ്റ്റേഴ്‌സ് അടിസ്ഥാനപ്പെടുത്തി രോഗവ്യാപനം, സമൂഹവ്യാപനം.

കേരളം ഇതിൽ മൂന്നാം ഘട്ടത്തിലാണ്. മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാൻ കൂടുതൽ ജാഗ്രത പുലർത്തണം. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മൾ തരണം ചെയ്‌തു. കോവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുന്നു.

ഈ വർഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാനാകൂ എന്നാണ് ഒരു വിലയിരുത്തൽ. ഇത്ര ദീർഘകാലം കഠിനമായി പരിശ്രമിക്കേണ്ട ആരോഗ്യപ്രവർത്തകർക്ക് വരുന്ന തളർച്ചയുണ്ട്. അത് പോലെ രോഗപ്രതിരോധത്തിൽ ഉദാസീന സമീപനം നാട്ടുകാരിൽ ചിലരും സമീപിക്കുന്നു. സമ്പർക്കരോഗവ്യാപനം കൂടാൻ കാരണം നമ്മുടെ അശ്രദ്ധയാണ്. അതിനാൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകുക.

പ്രതിരോധരംഗത്തെ മടുപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ കൊവിഡ് പകർച്ച കൂടിയപ്പോൾ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. പഞ്ചായത്തുകളും നഗരസഭകളും ഓൺലൈനായി പ്രവ‍ർത്തിക്കുകയായിരുന്നു. കുടുംബശ്രീ അടക്കം എല്ലാവരെയും ഏകോപിപ്പിക്കേണ്ട ചുമതല ഇവർക്കുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിൽ വാർഡ് കൗൺസിലർമാരുടെ പങ്ക് നിർണായകമാണ്. അവരവരുടെ പ്രദേശത്ത് നിരന്തരമായി ഇവർ ഇടപെടണം.

കോവിഡ് ബാധ ഉണ്ടായാൽ അത് പടരാതിരിക്കാൻ ആ ഇടപെടൽ നിർണായകമാണ്. രോഗികൾക്ക് വൈദ്യസഹായം, മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ സഹായിക്കുക, സമൂഹത്തിലെ ഭീതി അകറ്റുക, പ്രതിരോധമാർഗങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, ബുദ്ധിമുട്ടുള്ളവരെ സംരക്ഷിക്കുക - ഇതിനെല്ലാം മുൻഗണന നൽകണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കൽ ഉൾപ്പടെയുള്ള വിഭവങ്ങൾ ഉപയോഗിക്കണം. ഇത്തരം പ്രാദേശികമാതൃകകൾ പങ്കുവയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കണം.