കോവിഡ്‌-19: സങ്കീർണ്ണമായ അവസ്ഥയിലേക്ക് സംസ്ഥാനം. ഇന്ന് (16 ജൂലൈ 2020) 722 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക് രോഗം; കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 157 പേര്‍ വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 62 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരത്ത് 339 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇന്ന് രണ്ട് മരണം സംസ്ഥാനത്തുണ്ടായി. തൃശ്ശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ്, കണ്ണൂര്‍ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദില്‍ നിന്ന് വന്നതായിരുന്നു.

228 പേരാണ് രോഗമുക്തി നേടിയത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 339, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13.

804 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5372 സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 10 ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലായിടത്തെ ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ പ്രതിരോധ പ്രവര്‍ത്തനം നടത്തണം. ശാരീരിക അകലം നിര്‍ബന്ധമായി പാലിക്കണം. കൈ കഴുകല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ ശരിയായ രീതിയില്‍ പിന്തുടരണം.

രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നല്‍കണം. കമ്പോളങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നുണ്ട്.

പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകള്‍ എത്തുന്ന ഇടങ്ങളില്‍ രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനും അവശരായവരെ സംരക്ഷിക്കാനും മുന്‍ഗണന നല്‍കണം. ബ്രേക് ദി ചെയ്ന്‍ പ്രചാരണം വിജയിപ്പിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് ഒരുക്കും. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവര്‍ത്തകരെയും കണ്ടെത്തും. ആരോഗ്യപ്രവര്‍ത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവര്‍ത്തനം വിപുലീകരിക്കും.

ഏത് നിമിഷവും സേവനം ലഭിക്കാന്‍ സേനയെ പോലെ സംവിധാനം ഉണ്ടാക്കും. എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതില്‍ സഹകരിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.