കോവിഡ്‌ - 19 : തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം.

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ. തിങ്കളാഴ്‌ച്ച രാവിലെ ആറ് മണി മുതൽ ഒരാഴ്‌ച്ചത്തേക്കാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്‌. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമൂഹവ്യാപന സാധ്ത നിലനില്‍ക്കുകയും സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ചത്.

ആവശ്യ ആരോഗ്യസേവനങ്ങൾക്ക് മാത്രമാവും പുറത്തിറങ്ങാൻ അനുമതി ഉണ്ടാവുക. സെക്രട്ടറിയേറ്റും മറ്റ് സർക്കാർ ഓഫീസുകളും അടച്ചിടും. ഒരു പ്രദേശത്ത് ഒരു കട മാത്രം തുറക്കും. ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതി ഇല്ല. ആവശ്യസാധനങ്ങൾ ഹോം ഡെലിവറി മുഖേനെ വീടുകളിലെത്തിക്കും. മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും ബാങ്കുകളും പ്രവർത്തിക്കും.

തിരുവനന്തപുരത്ത് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാല് പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം നഗരത്തിലാണ് കൂടുതൽ സമ്പർക്കരോഗികളുള്ളത്. രോഗബാധിതരിൽ ഏറെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുന്നവരാണ്..