കോവിഡ്‌ - 19 : സംസ്ഥാനത്ത് ഇന്ന് (03 ആഗസ്റ്റ് 2020) 962 പേര്‍ക്ക് കൊവിഡ്; 815 പേര്‍ക്ക് രോഗമുക്തി; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 815  പേര്‍ രോഗമുക്തി നേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് രണ്ടുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്.

തിരുവനന്തപുരം പെരുമ്പഴുതൂര്‍ സ്വദേശി ക്ലീറ്റസ് 68, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ 58 ആണ് മരിച്ചത്. ഇന്ന് കൊവിഡ് ബാധിച്ചവരില്‍ വിദേശത്ത് നിന്ന് വന്നവര്‍ 55 പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 85 പേരാണ്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നും തിരുവനന്തപുരത്താണ് കൂടുതല്‍ രോഗികള്‍. 205 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 106, ആലപ്പുഴ 101, തൃശൂര്‍ 85, മലപ്പുറം 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

നെഗറ്റീവ് ആയവരുടെ കണക്കുകള്‍: തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണഊര്‍ 25, കാസര്‍കോട് 50.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: 

24 മണിക്കൂറിനിടെ 19343 സാമ്പിളുകള്‍ പരിശോധിച്ചു. 145234 പേര്‍ നിരീക്ഷണത്തിലുണ്ട്. 10779 പേര്‍ ആശുപത്രിയിലുണ്ട്. 1115 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11484 പേര്‍ ചികിത്സയില്‍ ഉണ്ട്. ആകെ 4.29 ലക്ഷം സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 3926 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 127233 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1254 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 506. സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണ്. കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുന്നു. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം. കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും.

ക്വാറന്റീന്‍ ലംഘിച്ച് ചിലര്‍ പുറത്തിറങ്ങുന്നു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. രോഗവ്യാപന തോത് വര്‍ധിക്കാന്‍ ഇത് പ്രധാന ഘടകം. നിയന്ത്രണത്തിനുള്ള പൂര്‍ണ്ണ ചുമതല പൊലീസിന് നല്‍കുന്നു. സമ്പര്‍ക്ക വിലക്ക് ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ പൊലീസിനെ അറിയിക്കണം.

മാര്‍ക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ അകലം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ ഇവിടെ നിന്ന് കടന്നുകളയുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ പൊലീസ് പെട്ടെന്ന് നടപടിയെടുക്കണം. പോസിറ്റീവായ ഒരാളുടെ കോണ്ടാക്ട് കണ്ടെത്തണം. പ്രൈമറി, സെക്കന്ററി കോണ്ടാക്ടാണ് കണ്ടെത്തേണ്ടത്. ഇത് പൊലീസ് നേരിട്ട് നിര്‍വഹിക്കണം.

അന്വേഷണ മികവ് അവര്‍ക്കുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ ടീം പ്രവര്‍ത്തിക്കും. കോണ്ടാക്ട് ട്രേസിങ് നടത്തലാണ് ടീമിന്റെ പ്രധാന ചുമതല. പോസിറ്റീവ് ആളുകളുടെ സമ്പര്‍ക്ക പട്ടിക ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച്, ചുമതല പൊലീസിന് നല്‍കുന്നു. 24 മണിക്കൂറിനകം കോണ്ടാക്ടുകള്‍ കണ്ടെത്തണം. കണ്ടെയിന്‍മെന്റ് സോണിലും പുറത്തും അകലം പാലിക്കണം.

24 മണിക്കൂറും പൊലീസ് ജാഗ്രത പാലിക്കണം. ആശുപത്രികള്‍, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ മാര്‍ക്കറ്റ്, വിവാഹ വീടുകള്‍, മരണ വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശവും ഉപദേശവും നല്‍കാന്‍ സംസ്ഥാന പൊലീസ് നോഡല്‍ ഓഫീസറായ കൊച്ചി കമ്മീഷണര്‍ വിജയ് സാഖറയെ നിശ്ചയിച്ചു.