പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽനിന്നും 'കുവി' കേരളാ പൊലീസിലേക്ക്...

പെട്ടിമുടിയിലെ ദുരന്ത ഭൂമിയില്‍ നിന്നും കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളര്‍ത്തുനായ ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചിരുന്നു. പെട്ടിമുടിയില്‍ മനുഷ്യനും വളര്‍ത്തുനായയുമായുള്ള സ്‌നേഹത്തിന്റെയും അത്മബന്ധത്തിന്റെയും പ്രതീകമായിരുന്നു ഈ കാഴ്ചകള്‍.
പെട്ടിമുടിയോട് താല്‍ക്കാലികമായി കുവി വിടപറയുകയാണ് പുതിയ ദൗത്യങ്ങള്‍ക്കായി. ഇനി ഇടുക്കി ഡോഗ് സ്‌ക്വാഡില്‍ കുവിയും ഉണ്ടാകും പുതിയ റോളില്‍.
ദിവസങ്ങളോളം തന്റെ കളികൂട്ടുകാരിയെ നഷ്ടപ്പെട്ട കുവി പെട്ടിമുടി യില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നു.ദുരന്തഭൂമിയില്‍ തളര്‍ന്നുറങ്ങുന്ന കുവിയെ ശ്രദ്ധയില്‍പ്പെട്ട ജില്ല ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ  അജിത് മാധവന്‍ കുവിയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയും മേല്‍ നടപടികള്‍ക്കായി കാത്തിരിക്കുകയും ചെയ്തുവരികയായിരുന്നു. അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കൂവിയ്ക്ക് ഇനിമുതല്‍  കാക്കിയുടെ കാവല്‍ ഒരുങ്ങുന്നത്.
ദുരന്തത്തില്‍ അകപ്പെട്ട ഉടമസ്ഥതരയും വീട്ടിലെ  കളിക്കൂട്ടുകാരിയെയും തിരഞ്ഞു നടന്ന കുവി സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും പര്യായമായി മാറിയിരുന്നു. ഇടുക്കി പി.ആര്‍.ഡി നല്‍കിയ  വാര്‍ത്ത മാധ്യമ വാര്‍ത്തകളില്‍ ഇടം നേടിയതോടെ കുവി പെട്ടിമുടിയുടെ മാത്രമല്ല മലയാള മനസ്സാക്ഷിയുടെ ആകെ കണ്ണുനീരായി മാറി.  പെട്ടിമുടിയില്‍ നിന്ന് കുവിയ്ക്ക്  സ്‌നേഹാര്‍ദ്രമായ യാത്രയയപ്പും പ്രദേശവാസികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നല്‍കി. ആ വിടപറയലിലും കുവി ആ മണ്ണിനെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് വിതുമ്പുന്നുണ്ടായിരുന്നു.