പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു | PUBG Banned By Central Government

പബ്‌ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് ആപ്പുകള്‍ നിരോധിച്ചത്.

നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്.
നേരത്തെ ടിക് ടോക്ക് അടക്കമുള്ള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകള്‍ ഏതൊക്കെയാണെന്ന പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗെയിമുകളും ക്യാമറ ആപ്പുകളുമാണ് കൂടുതലായും ആപ്പുകളില്‍ ഉള്ളത്. ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.

അതേസമയം ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി. എന്നാല്‍ ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്.

മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി. നേരത്തെ പബ്ജി നിരോധനത്തിനെതിരെ യുവാക്കളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.