ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ ടോവിനോ ആശുപത്രി വിട്ടു.

 


സിനിമാ ചിത്രീകരണത്തിനിടെ വയറിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനൊ തോമസ് ആശുപത്രി വിട്ടു.സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് വയറിന് പരുക്കേറ്റത്. തന്നെ ചികിത്സിച്ചവര്‍ക്കും പിന്തുണയുമായി ഒപ്പം നിന്നവര്‍ക്കും നന്ദി അറിയിച്ചാണ് താരം ആശുപത്രി വിട്ടത്.


 

ഇക്കഴിഞ്ഞ 7 നാണ് കടുത്ത വയറുവേദനയുമായി ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ സി.ടി. ആന്‍ജിയോഗ്രാം ചെയ്തു. ഇതിലൂടെ വയറിനുള്ളില്‍ ആന്തരിക രക്തസാവത്തെ തുടര്‍ന്ന് രക്തം കട്ടപിടിച്ചതായി കണ്ടു. തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ബ്ലഡ് ക്ലോട്ടുകള്‍ നീക്കം ചെയ്യുകയും, മരുന്നുകള്‍ നല്‍കുകയും ചെയ്തു.48 മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തിലെ നിരീക്ഷണത്തിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് റൂമിലേയ്ക്ക് മാറ്റിയിരുന്നു. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ടൊവിനൊ ആശുപത്രി വിടും മുന്‍പ് ചികിത്സിച്ചവര്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും നന്ദി അറിയിച്ചു.

എറണാകുളം പിറവത്ത് ‘കള’ സിനിമയുടെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ആഘാതമേല്‍ക്കുകയായിരുന്നു.കഴിഞ്ഞ 5 ന് പരിക്കേറ്റെങ്കിലും കാര്യമായ വേദന തോന്നാത്തതിനെ തുടര്‍ന്ന് പിറ്റേ ദിവസവും ഷൂട്ടിംഗ് തുടര്‍ന്നു.എന്നാല്‍ 7 ന് വയറുവേദന ശക്തമായതിനെ തുടര്‍ന്ന് സ്വകാര്യആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് വയറിലെ രക്തക്കുഴല്‍ മുറിഞ്ഞതായി കണ്ടത്. ഉടന്‍ തന്നെ താരത്തെ വിദഗ്ധ ചികിത്സക്ക് വിധേയനാക്കുകയായിരുന്നു.