കേരളത്തിന് വീണ്ടുമൊരു ചരിത്ര നേട്ടം, ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനം; ഉദ്ഘാടനം ഇന്ന്. | Another historic achievement for Kerala, India's first fully digital education state; Inauguration today.

ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ ഡിജിറ്റൽവത്കരണം ഇന്ന് പ്രഖ്യാപിക്കുകയാണ്. പൊതുവിദ്യാലയങ്ങളുടെ മികവിന്‍റെ കഥകളിലേക്ക് കേരളം ഒന്നുകൂടി ചേർത്തുവയ്ക്കുന്നു. 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 45000 ക്ലാസ് മുറികളുടേയും ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബുകളുടേയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഇന്ന് നിർവഹിക്കുന്നത്.
ഹൈടെക് ക്ലാസ്റൂമുകളിലേക്ക് കേരളം മാറുകയാണ്. കൊവിഡിനിടെ രാജ്യത്തിന് മുന്നിൽ മികവിന്‍റെ മറ്റൊരു കേരള മോഡൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ നാലാണ്ടിനിടെ നാൽപ്പത്തയ്യായിരം ക്ലാസുകൾ ഡിജിറ്റലാകുന്നു. 4752 സ്കൂളുകളിലായാണിത്. 2016ലാണ് എട്ട് മുതൽ പത്ത് വരെയുളള ക്ലാസുകൾ ഹൈടെക്കാകുന്ന പ്രക്രിയ തുടങ്ങിയത്.

ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ ഹൈടെക് ലാബ് പദ്ധതിയും പൂർത്തിയായി. ലാപ്ടോപുകൾ, എച്ച് ഡി വെബ് ക്യാം, മൾട്ടിഫങ്ഷൻ പ്രിന്‍റർ, യുഎസ്ബി സ്പീക്കർ, ഡിഎസ്എൽആർ ക്യാമറ. അങ്ങനെ പഠിപ്പിന് പുതുമുഖം.

41 ലക്ഷം കുട്ടികൾക്കായി മൂന്നര ലക്ഷത്തിലധികം ഉപകരണങ്ങളാണ് നൽകിയത്. 12678 സ്കൂളുകൾക്ക് ബ്രോഡ്ബാന്‍റ് സൗകര്യമായി. കിഫ്ബിയിൽ നിന്നുള്ള 595 കോടിയും പ്രാദേശിക തലത്തിലെ 135.5 കോടിയുടേയും പങ്കാളിത്തത്തോടെയാണ് നേട്ടം. മുഴുവൻ അധ്യാപകർക്കും ഇതിനകം കമ്പ്യൂട്ടർ പരിശീലനവും നൽകിക്കഴിഞ്ഞു.

ഓൺലൈൻ പഠനത്തിന്‍റെ മാത്രം കാലം കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത് പുത്തൻ സൗകര്യങ്ങളിലേക്കാണ്. നമ്മുടെ കുട്ടികൾ സ്കൂളിലേക്കെത്തുമ്പോൾ കാത്തിരിപ്പുണ്ടാകും, പുതുപുത്തൻ സ്മാർട്ട്, അടിപൊളി ക്ലാസ് മുറികൾ.