ലോകമാകെ കൊറോണ ഭീതിയിൽ കഴിയുമ്പോൾ രണ്ടുദിവസം പ്രായമുള്ള പെൺകുഞ്ഞ് ‘കൊറോണ’യുടെ കരവലയത്തിനുള്ളിൽ സുരക്ഷിതയാണ്. കൊല്ലം ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലാണ് ‘അർപ്പിത’യെന്ന പിഞ്ചോമന ‘കൊറോണ’യോട് ഒട്ടിയുറങ്ങുന്നത്.
ആശ്ചര്യപ്പെടേണ്ട. കോവിഡ് ബാധിച്ച് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുഞ്ഞിന് ജന്മം നൽകിയ യുവതിയുടെ പേരാണ് കൊറോണ. വ്യാഴാഴ്‌ച പുലർച്ചെ 2.30നാണ് കൊല്ലം കടവൂർ മതിലിൽ കാട്ടുവിളയിൽ ആർട്ടിസ്റ്റ് തോമസിന്റെയും ഷീബയുടെയും മകൾ കൊറോണ പ്രസവിച്ചത്. പ്രവാസിയായ ജിനു സുരേഷ് ആണ് ഭർത്താവ്.
സൂര്യനു ചുറ്റുമുള്ള പ്രകാശവലയം എന്ന അർഥത്തിലാണ് 24 വർഷംമുമ്പ് മകൾക്ക് കൊറോണ എന്ന് പേരിട്ടതെന്ന് അച്ഛൻ തോമസ് പറയുന്നു. മകന്റെ പേര് പവിഴം എന്ന് അർഥം വരുന്ന കോറൽ. ഇരുവരും ഇരട്ടസഹോദരങ്ങളാണ്.
ഗ്രാഫിക് ഡിസൈനറും ആർട്ടിസ്റ്റുമായ പപ്പ ആലോചിച്ച് ഉറപ്പിച്ചിട്ട പേര് വിനയായത് കോവിഡ് പടർന്നു പിടിച്ചതോടെയാണെന്ന് യുവതി പറഞ്ഞു. ആദ്യകാലത്തൊക്കെ പേരിൽ കൂട്ടുകാരികൾ കളിയാക്കുമെങ്കിലും ഇപ്പോഴാണ് ശരിക്കും ചമ്മലായത്.
എന്നാൽ, മറ്റു പലർക്കും ഈ പേരുണ്ടെന്ന് വാർത്തകൾ വന്നപ്പോൾ ആശ്വാസംതോന്നി. ആശുപത്രിയിൽചെന്ന് പേരു പറഞ്ഞപ്പോൾ അവിടെയുള്ളവർക്ക് അത്ഭുതവും സംശയവുമായിരുന്നുവെന്ന് കൊറോണ പറഞ്ഞു. യുവതിയുടെ രണ്ടാമത്തെ കുഞ്ഞാണ് അർപ്പിത. ഗർഭ ചികിത്സയ്‌ക്കായി കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പോയിരുന്നു. അവിടെ നടത്തിയ സ്രവ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.
പിന്നീട് ഛർദിയും തലക്കറക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽപോയി വീണ്ടും സ്രവ പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. 10നാണ് കൊറോണയെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണയുടെ അമ്മ ഷീബ നടത്തിയിരുന്ന ബ്യൂട്ടി പാർലറിന്റെ പേരും ‘കൊറോണ’ എന്നായിരുന്നു.