ആരോഗ്യ പ്രവർത്തകരുടെ ഒരു കോവിഡ് ദിവസം : ഈ കുറിപ്പ് വായിക്കാതെ പോകരുത്.

ഇത് ഡോ.റീന നളിനി എഴുതുന്ന കുറിപ്പാണ്.വെറുതെ വായിച്ചു തള്ളേണ്ട കുറിപ്പല്ല.മനസിരുത്തി വായിക്കേണ്ട ഒന്ന്.വായിക്കുന്നവരിൽ തിരിച്ചറിവുണ്ടാകും എന്ന് പ്രത്യാശ നൽകുന്ന ഒന്ന്. ഡോക്ടറുടെ വാക്കുകൾ കടമെടുത്താൽ ഇങ്ങനെ പറയാം:

"കഴിഞ്ഞ ഒൻപതു മാസമായി വിശ്രമമില്ലാതെ പോർമുഖത്തു നിന്ന് പൊരുതുന്ന, ഒട്ടേറെ പരുക്കുകൾ ഏറ്റു വാങ്ങിയ ഒപ്പമുള്ള പലരും പൊലിഞ്ഞു പോയ , കാലാൾ പടയിലെ ശേഷിക്കുന്ന പടയാളികളുടെ ഹൃദയത്തിൽ നിന്നുള്ള അപേക്ഷയാണ്. . . ."
കുറിപ്പിന്റെ പൂർണ്ണ രൂപം

ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ ഒരു ദിവസം നിങ്ങൾക്ക് ഒന്ന് സങ്കൽപിക്കാമോ. . . .
ഗൃഹ ചികിൽസയിലുള്ള കോവിഡ് രോഗിയാകും പലപ്പോഴും കൊച്ചു വെളുപ്പാൻ കാലത്ത് വിളിച്ചുണർത്തുക.
"ഡോക്ടറേ മിനിഞ്ഞാന്ന് കോവിഡ് പോസിറ്റീവായ തോമസിന്റെ മകനാണ്. അച്ഛന് കുറച്ചു നേരമായി നല്ല ശ്വാസം മുട്ടലുണ്ട്. ആ മിഷ്യനില് 90 കാണിക്കുന്നു. 94 ൽ കുറഞ്ഞാൽ വിളിക്കണമെന്നല്ലേ ഡോക്ടർ പറഞ്ഞിരുന്നത്. ഇത് ആറാമത്തെ തവണയാ വിളിക്കുന്നത്. "
അറിയാതെ നോട്ടം ഫോണിലെത്തി. ശരിയാണ് ആറ് മിസ്സ് കോളുകൾ. . . . .
അടി വയറിൽ നിന്ന് ഒരു തീഗോളം ഉയർന്ന് നെഞ്ചിലേക്ക് പോയതു പോലെ. . . .
രാത്രി രണ്ടു മണിക്ക്, ഗോവിന്ദന് മലം പോയിട്ട് മൂന്നു ദിവസമായെന്ന് പറഞ്ഞ് അയാളുടെ കൊച്ചു മകൻ വിളിച്ചിരുന്നു . ആ വീട്ടിൽ എല്ലാവരും കോവിഡ് പോസിറ്റീവ് ആണ്. ഗൃഹ ചികിൽസയിലും ആണ്.
അത്യാവശ്യമായി ഒന്നും ചെയ്യണ്ട, രാവിലെ വരെ നോക്കിയിട്ട് മലം പോയില്ലെങ്കിൽ രാവിലെ CSLTC ൽ വിട്ട് എനിമ വക്കാം എന്നു പറഞ്ഞു വച്ച് ഒന്ന് ഉറങ്ങിയതേയുള്ളൂ , അപ്പോഴേക്കും അടുത്ത വിളിയെത്തി . . . .
"ഡോക്ടറേ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇപ്പൊ ചത്തു പോകും എന്ന് പറഞ്ഞ് അപ്പൂപ്പൻ ബഹളം വക്കുന്നു. "
പിന്നെ നട്ട പാതിരാക്ക് മൂന്ന് നാല്, കാൾ വിളിച്ച് ആമ്പുലൻസ് റെഡിയാക്കി , മൂന്നു ദിവസമായി മലം പോകാത്ത മുത്തശ്ശനെ എനിമ വക്കാനായി CSLTC ൽ എത്തിക്കാൻ ഏർപ്പാടക്കി കിടക്കുമ്പോഴേക്ക് വെളുപ്പിന് നാലു മണി കഴിഞ്ഞിരുന്നു.
ഇപ്പോൾ അഞ്ചു മണി ആയിരിക്കുന്നു. ഇതിനിടെ ഫോൺ റിംഗ് ചെയ്തത് അറിഞ്ഞു പോലുമില്ല. ‌തോമസിൻ്റെ SpO2 90ൽ താഴെ ആയിരിക്കുന്നു. ഇനി ആമ്പുലൻസ് കിട്ടി കോവിഡാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എന്താകുമോ എന്തോ . . . . .
ധർമ്മശാസ്താവേ കാത്തോളണേ. . . .

ആദ്യം SLTC ലേക്ക് വിളിച്ചു . . .
നോഡൽ ഓഫീസർ ഫോൺ എടുത്ത പാടെ പറഞ്ഞു, ഓക്സിജൻ കൊടുക്കാൻ സൌകര്യമുള്ള ബെഡില്ല. . .
സുഹൃത്താണ്, പരിചയക്കാരനാണ് . പക്ഷേ ഇപ്പോൾ നിസ്സഹായനാണ്.
അടുത്തത് കോവിഡ് ആശുപത്രി . . .
നോഡൽ ഓഫീസറിൻ്റെ ഉത്തരം അതു തന്നെ , "ബെഡില്ല. . . . " (നിസ്സഹായരായ സുഹൃത്തുക്കൾ, തുല്ല്യ ദുഖിതരും)
വീണ്ടും ഫോൺ ബെൽ . . . .
മൂന്നു ദിവസം കൊണ്ട് മലം പോകാതിരിക്കുന്ന അപ്പൂപ്പൻ്റെ കൊച്ചു മോനാ . . .
"ആള് ചത്തിട്ട് നിങ്ങടെ വണ്ടി വരുന്നതെന്തിനാ? ? ? ?
വണ്ടി വന്ന് കൊണ്ടു പോകും എന്ന് പറഞ്ഞിട്ട് മണിക്കൂറ് നാലായി. . . . "
അറിയാതെ ക്ലോക്കിലേക്ക് നോക്കി. സമയം വെളുപ്പിന് 5 മണി , ഇയാളുടെ ആദ്യ ഫോൺ വന്നത് 2 മണിക്കാണ്, 3 മണിയോടെ ആമ്പുലൻസ് വിളിച്ചിട്ടുണ്ടാകും. എങ്കിലും 2മണിക്കൂർ കഴിഞ്ഞു.
വീണ്ടും ആമ്പുലൻസ് കാൾ. . . .
"മറ്റേ ഗോവിന്ദനെ കൊണ്ടു പോകാൻ പോയില്ലേ. . "
"ദാ എത്തി ഡോക്ടറേ, അടുത്ത വളവു കഴിഞ്ഞാൽ അവിടെയെത്തും." നേരത്തേ കോവിഡ് ആശുപത്രിയിൽ എത്തിച്ച രോഗിയെ ആശുപത്രിയിലാക്കിയിട്ട് തിരിച്ചു വരുന്ന വഴിയാണ്. ഒരു ചൂടു കാപ്പി കുടിക്കണമെന്ന് തോന്നുന്നുണ്ട്. പക്ഷേ PPE ധരിച്ചിട്ടുള്ളതു കൊണ്ട് കടകളിൽ നിന്ന് കാപ്പി പോലും കുടിക്കാൻ പറ്റില്ല. നിസ്സഹായനാണ് .
വീണ്ടും ഗോവിന്ദൻ്റെ കൊച്ചു മകനെ വിളിച്ച് ആമ്പുലൻസ് ഉടനെ എത്തുമെന്ന് പറഞ്ഞു. തിരിച്ച് എന്തൊക്കെയോ പറയുന്നുണ്ട് . കേൾക്കാൻ നിന്നില്ല. . . . . (ഇനി അടുത്ത പരാതി അതാകും , പറഞ്ഞു തീരും മുമ്പ് ഡോക്ടർ ഫോൺ കട്ട് ചെയ്തു.)
തോമസിൻ്റെ SpO2 എത്ര ആയിക്കാണും എന്ന ആന്തലാണ് ഉള്ളിൽ. ബെഡ് ഇതുവരെ റെഡി ആയിട്ടില്ല. അടുത്ത ആമ്പുലൻസ് വിളിച്ച് തോമസിന്റെ വീട്ടിലേക്ക് വിട്ട്, എത്തിക്കേണ്ട സ്ഥലം പിന്നാലെ അറിയിക്കാമെന്ന് ഡ്രൈവറെ അറിയിച്ചു.
അപ്പോഴേക്കും സുഹൃത്ത് കൂടിയായ കോവിഡ് ആശുപത്രിയിലെ‌ ഡോക്ടറുടെ വിളിയെത്തി ഓക്സിജൻ കൊടുത്തിരുന്ന ഒരു 24 വയസ്സുകാരൻ സീരിയസ്സായതിനെ തുടർന്ന് ICU വിലേക്ക് മാറ്റേണ്ടി വന്നു. ഓക്സിജൻ വാർഡിൽ ഒരു ബെഡ് ഒഴിവായി . വേഗം പേഷ്യൻ്റിനെ വിട്ടോ.

( ICU വിൽ ഉണ്ടായിരുന്ന 96 വയസ്സുകാരൻ മരണപ്പെട്ട് , ബെഡ് ഒഴിഞ്ഞതാണ് . അതെ ചില മരണങ്ങൾ ചിലപ്പോൾ ചിലർക്ക് ആശ്വാസകരമാകും )
ഫോൺ വക്കുന്നതിന് മുമ്പ് തന്നെ അടുത്ത വിളിയെത്തി. സ്കൂളിനടുത്ത് താമസിക്കുന്ന ഗൃഹ ചികിൽസയിലുള്ള, ഗർഭിണിക്ക് തലചുറ്റൽ. രാത്രി മുഴുവൻ ശർദ്ദിലായിരുന്നു. എവിടെ കൊണ്ടു പോകണം ? ആശാപ്രവർത്തകയാണ്.
തിരികെ വിളിക്കാം എന്നു പറഞ്ഞു ഫോൺ വക്കുന്നതിന് മുമ്പ് തന്നെ തോമസിന്റെ വീട്ടിൽ നിന്ന് വിളിയെത്തി, " ഡോക്ടറേ ആ മെഷ്യനിൽ ഇപ്പോ 80 ആണ് കാണിക്കുന്നത്. കുഴപ്പം ഉണ്ടോ? ? ? ? "
അടി വയറ്റിൽ നിന്ന് അടുത്ത ഒരു തീഗോളം കൂടി മുകളിലേക്ക് കയറി.
അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ , ഇനി പത്ര വാർത്ത, മാദ്ധ്യമ വിചാരണ, ഒടുവിൽ സസ്പെൻഷൻ. . . .
ഒരു തീ ഗോളം കൂടി അടിവയറ്റിൽ ഉരുണ്ടു കൂടി. . .
പക്ഷേ ആ ഗോളത്തെ മുകളിലേക്കു വിട്ടില്ല. . . . . .
പറ്റുന്നതെല്ലാം ചെയ്തു. ഇനി സസ്പെൻഷനാണെങ്കിൽ പോലും , അത് പനിനീർമഴയാണ് . . . .
NB പുലർച്ചെ 5 മണി ആയതേയുള്ളൂ. ഇനിയും മണിക്കൂറുകൾ ഉണ്ട് . . . .
നിസ്സഹായരായ ആരോഗ്യ പ്രവർത്തകരുടെ അപേക്ഷയാണ്. . . .
അടുത്ത പരിചയക്കാരിൽ കോവിഡ് വന്നു പോകുന്നതും അവർ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതും കണ്ട് ഈ രോഗത്തെ നിസ്സാരമായി കരുതരുത്. 80% പേരിലും പ്രശ്നങ്ങളുണ്ടാക്കാതെ കടന്നു പോകും.
നിങ്ങൾ കണ്ട 80% പേരെ പോലെയല്ല ഞങ്ങൾ കാണുന്ന 20% പേർ. ഈ 20% പേരിൽ ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ലക്ഷണങ്ങൾ ഗുരുതരമാകും.

ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാൽ ആരോഗ്യ പ്രവർത്തകർ നിസ്സഹായരാകും. 1% ത്തിൽ താഴെയെന്ന മരണ നിരക്ക് കുതിച്ചുയരും. ഇറ്റലിയിലും സ്പെയിനിലും കണ്ട കാഴ്ചകൾ ഇവിടെ ആവർത്തിക്കാതിരിക്കട്ടെ.
ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കി സാമൂഹിക അകലം പാലിച്ച്, ശരിയായ രീതിയിൽ മാസ്ക് ധരിച്ച് , ഇടക്കിടെ കൈകൾ കഴുകി ഈ മഹാവ്യാധിയെ നമുക്ക് അകറ്റി നിർത്താം
വിവാഹങ്ങളും മറ്റും നടത്തിയും, സമരം ചെയതും, നിർദ്ദേശങ്ങൾ പാലിക്കാതെ ആൾക്കൂട്ടമുണ്ടാക്കി, രോഗികളുടെ എണ്ണം കൂട്ടി, ഞങ്ങളെ നിസ്സഹായരാക്കരുത്.
കഴിഞ്ഞ ഒൻപതു മാസമായി വിശ്രമമില്ലാതെ പോർമുഖത്തു നിന്ന് പൊരുതുന്ന, ഒട്ടേറെ പരുക്കുകൾ ഏറ്റു വാങ്ങിയ ഒപ്പമുള്ള പലരും പൊലിഞ്ഞു പോയ , കാലാൾ പടയിലെ ശേഷിക്കുന്ന പടയാളികളുടെ ഹൃദയത്തിൽ നിന്നുള്ള അപേക്ഷയാണ്. . . .