വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി പണം സമ്പാദിക്കാനുള്ള മെസ്സേജ് നിങ്ങൾക്കും വന്നുവോ ? പണി കിട്ടാൻ സാധ്യതയുണ്ട്...

വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വഴി പണം സമ്പാദിക്കാം എന്നൊരു മോഹന വാഗ്‌ദാനം മെസ്സേജ് ആയി നിങ്ങളുടെ മൊബൈൽ ഫോണിലേക്കും വന്നു കാണും, ചിലർ അതിനെ പിന്തുടർന്ന് അവരുടെ വെബ്സൈറ്റിലേക്കും എത്തിക്കാണും, എന്നാൽ നിങ്ങൾ അറിയാതെ നിങ്ങൾ ഒരു തിരഞ്ഞെടുപ്പ് ക്യാംപെയിനിൽ പങ്കാളി ആയിട്ടുണ്ടാകും എന്ന് മനസ്സിലാക്കുക. ഇന്ത്യയിലെ ഒരു 'പ്രമുഖ' രാഷ്ട്രീയ പാർട്ടിയുടെ തിരഞ്ഞെടുപ്പിലേക്ക് ആളുകളെ ആകർഷിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരം. കൊറോണ മഹാമാരിയുടെ മറവിൽ ജോലി നഷ്ടപ്പെടുകയും സാമ്പത്തീക പരാധീനതകൾ ഉയരുകയും ചെയ്യുമ്പോൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട്, സൈറ്റ് സന്ദർശിക്കുന്നവരുടെയും ലോഗിൻ ചെയ്യുന്നവരുടെയും സ്വകാര്യവിവരങ്ങൾ മനസ്സിലാക്കാൻ വേണ്ടി 'പ്രമുഖ പാർട്ടിയുടെ' ഐ.ടി വിഭാഗം വിഭാവനം ചെയ്ത ഐഡിയ ആയിരുന്നു എന്നാണ് ടെക്ക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ വളരെപ്പെട്ടെന്ന് ഇതിന്റെ പിന്നിലെ കള്ളക്കളികൾ വെളിച്ചത്തായതോടെ വെബ്‌സൈറ്റ് ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുകയാണ്. കേരളാ പോലീസും സൈബർ ഡോമും രഹസ്യ അന്വേഷണവും നടത്തുന്നതായാണ് വിവരം. പണം സമ്പാദിക്കാനുള്ള കുറുക്കു വഴിയിൽ എല്ലാവരും തലവെക്കും എന്ന ചിന്തയിലാണത്രെ ഈ തട്ടിപ്പ് പരിപാടി ആസൂത്രണം ചെയ്തത്. പക്ഷെ മറ്റ് യുവജന സംഘടനകളിലെ യുവാക്കളെ ലക്ഷ്യം വച്ചുള്ള സൈബർ ഫിഷിങ്ങിൽ കുരുങ്ങിയത് 'പ്രമുഖ പാർട്ടിയുടെ' യുവ ജന സംഘടനയിൽ അംഗങ്ങളായ യുവാക്കൾ തന്നെയാണ് എന്നാണ് പിന്നണിയിൽ പറഞ്ഞു കേൾക്കുന്നത്.