തടി കുറക്കും 'കീറ്റോ ഡയറ്റ്' : ശരീരഭാരവും വണ്ണവും കുറക്കാൻ സ്വീകരിക്കുന്ന 'കീറ്റോ ഡയറ്റിന്റെ' ഗുണങ്ങളും ദോഷങ്ങളും മനസ്സിലാക്കാം...

ശരീരവണ്ണം കുറക്കാനായി ഡയറ്റുകള്‍ പിന്തുടരുന്ന ശീലം ഇന്ന് ആളുകള്‍ക്കിടയില്‍ വളര്‍ന്നുവരികയാണ്. അമിതവണ്ണം ക്രമപ്പെടുത്താനായി നിങ്ങളെ സഹായിക്കുന്ന നിരവധി ഡയറ്റുകള്‍ ഇന്നുണ്ട്. മെഡിറ്ററേനിയന്‍ ഡയറ്റ്, ഡാഷ് ഡയറ്റ്, ലോ ഫാറ്റ് ഡയറ്റ്, പാലിയോ ഡയറ്റ് എന്നിങ്ങനെ നീളുന്നു ഇവയുടെ പട്ടിക. ഇവയില്‍ പ്രമുഖ സ്ഥാനമുള്ള ഒന്നാണ് കീറ്റോ ഡയറ്റ്. കീറ്റോജെനിക് ഡയറ്റ് അല്ലെങ്കില്‍ ലോ കാര്‍ബ് ഹൈ ഫാറ്റ് (എല്‍.സി.എച്ച്.എഫ്) ഡയറ്റ് എന്നും അറിയപ്പെടുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ കാര്‍ബോഹൈഡ്രേറ്റുകള്‍ വളരെ കുറവാണ് ഈ ഡയറ്റില്‍. കീറ്റോ ഡയറ്റില്‍ ദിവസവുമുള്ള അന്നജത്തിന്റെ ഉപയോഗം 50 ഗ്രാമില്‍ താഴെയായിരിക്കും. 1970 കളിലാണ് ഈ ഭക്ഷണരീതിക്ക് പ്രചാരം വര്‍ധിച്ചത്. അക്കാലത്ത് അപസ്മാരമുള്ളവരില്‍ പരീക്ഷിച്ചിരുന്ന ഈ ഭക്ഷണരീതി അവരുടെ ശരീരഭാരം കുറച്ചതായി കണ്ടെത്തിയിരുന്നു.

എന്ത് കഴിക്കാം
70% കൊഴുപ്പുകള്‍, 25% പ്രോട്ടീന്‍, 5% കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെയാണ് കീറ്റോ ഭക്ഷണരീതി. അനുവദനീയമായ ഭക്ഷണങ്ങളാണ് ഇലക്കറികള്‍, പച്ചക്കറികള്‍ (ബ്രൊക്കോളി, കോളിഫ്‌ളവര്‍ തുടങ്ങിയവ), മാംസം (മത്സ്യം, ആട്, കോഴി, ഗോമാംസം മുതലായവ), മുട്ട, ഉയര്‍ന്ന കൊഴുപ്പ് ഡയറി (പാല്‍ക്കട്ട, ക്രീം, വെണ്ണ തുടങ്ങിയവ), നട്‌സ്, വിത്ത്, അവോക്കാഡോ, സിട്രസ് പഴങ്ങള്‍ (റാസ്‌ബെറി, ബ്ലാക്ക്‌ബെറി മുതലായവ), കൊഴുപ്പ് (വെളിച്ചെണ്ണ, പൂരിത കൊഴുപ്പുകള്‍, കൊഴുപ്പ് കൂടിയ സാലഡ് ഡ്രസ്സിംഗ് മുതലായവ).

എന്ത് കഴിക്കരുത്
ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ് ധാന്യങ്ങള്‍ (ഗോതമ്പ്, അരി, ധാന്യങ്ങള്‍, പാസ്ത, റൊട്ടി മുതലായവ), പഞ്ചസാര (ഗ്രാനേറ്റഡ് പഞ്ചസാര, തേന്‍, മുതലായവ), ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് പഴങ്ങള്‍ (ആപ്പിള്‍, വാഴപ്പഴം, മാമ്പഴം), കിഴങ്ങുവര്‍ഗ്ഗങ്ങള്‍ (ഉരുളക്കിഴങ്ങ്, ചേന മുതലായവ), പഴച്ചാറുകള്‍, മധുരപലഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മദ്യം.

പാര്‍ശ്വഫലങ്ങള്‍
വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ കാരണമാകുന്നതിനാല്‍ കീറ്റോ ഡയറ്റ് ജനപ്രീതി നേടി. എന്നിട്ടും, ഇതിന് നിരവധി അപകടസാധ്യതകളുണ്ട്. കൂടാതെ, ഇത് തികച്ചും വ്യത്യസ്തമായ ഭക്ഷണ രീതിയായതിനാല്‍ പിന്തുടരുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക എന്നത് പലര്‍ക്കും പ്രയാസമാണ്. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കീറ്റോ ഡയറ്റ് വഴിവയ്ക്കുന്നു. അവയില്‍ ചിലതാണ്:

മലബന്ധം
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിൽ എത്തുന്നത് കുറക്കുന്നു. കീറ്റോ ഡയറ്റ് പിന്തുടരുന്നതിന്റെ ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് മലബന്ധം. മലബന്ധം ഒഴിവാക്കുന്നതിന്, ശരീരത്തിന് ആവശ്യമായ അളവില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും കഴിക്കേണ്ടത് പ്രധാനമാണ്. കീറ്റോ ഡയറ്റില്‍ തുടരുന്നവര്‍ക്ക് മലബന്ധം അനുഭവപ്പെടുന്നുവെങ്കില്‍ ഈ ഡയറ്റ് ഉപേക്ഷിക്കേണ്ടതാണ്.


വയറിളക്കം
കൊഴുപ്പ് അമിതമായി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന പാര്‍ശ്വഫലമാണ് വയറിളക്കം. കൊഴുപ്പുകളെ വലിയ അളവില്‍ ഉപാപചയമാക്കാന്‍ ശരീരം ഉപയോഗിക്കുന്നില്ല. നിങ്ങള്‍ പതിവ് ഭക്ഷണരീതി പുനരാരംഭിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ കീറ്റോയുമായി ബന്ധപ്പെട്ട വയറിളക്കം ഇല്ലാതാകാന്‍ സാധ്യതയുണ്ട്.

കീറ്റോ ഇന്‍ഫ്‌ളുവന്‍സ
കീറ്റോ ഡയറ്റിന്റെ ഒരു സാധാരണ പാര്‍ശ്വഫലമാണ് കീറ്റോ ഫ്‌ളൂ. ഈ ഭക്ഷണക്രമത്തില്‍ നിങ്ങള്‍ക്ക് ഓക്കാനം തോന്നുകയും കീറ്റോ ഡയറ്റ് പിന്തുടരാന്‍ തുടങ്ങിയ ഉടന്‍ തന്നെ അസ്വസ്ഥരാവുകയും ചെയ്യും. ഭക്ഷണക്രമം പിന്തുടരുമ്പോള്‍, കീറ്റോ ഇന്‍ഫ്‌ളുവന്‍സ തടയുന്നതിന് നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്നുവെന്നും ഇലക്ട്രോലൈറ്റ് കഴിക്കുന്നത് നിലനിര്‍ത്തുന്നുവെന്നും ഉറപ്പാക്കുക. രോഗലക്ഷണങ്ങള്‍ അകലുന്നില്ലെങ്കില്‍ നിങ്ങള്‍ ഈ ഭക്ഷണക്രമം പിന്തുടരുന്നത് നിര്‍ത്തുന്നതാണ് നല്ലത്.

ക്രമരഹിതമായ ആര്‍ത്തവം
സാധാരണ ഭക്ഷണക്രമം ഒഴിവാക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും പോഷക കുറവുകള്‍ക്കും കാരണമാകുന്നു. ഇത് സ്ത്രീകളില്‍ അവരുടെ ആര്‍ത്തചക്രത്തില്‍ മാറ്റം വരുത്തുന്നു. ഈ സാഹചര്യത്തില്‍ കീറ്റോ ഭക്ഷണക്രമം പിന്തുടരുന്നത് നിര്‍ത്തേണ്ടതുണ്ട്.

ആദ്യ ദിവസങ്ങളില്‍ ശരീരത്തിന് ധാരാളം വെള്ളം, സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ നഷ്ടപ്പെടുന്നു. തുടക്കത്തില്‍ ശരീരഭാരം കുറയുന്നത് ജലനഷ്ടം മൂലമാണ്, കൊഴുപ്പ് കുറയുന്നില്ല. നിര്‍ജ്ജലീകരണം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അമിതമായ ദാഹം, തലകറക്കം, മയക്കം, തലവേദന, പേശിവേദന എന്നിവയാണ് ലക്ഷണങ്ങള്‍.

ഹൈപ്പോഗ്ലൈസീമിയ
രക്തത്തിലെ കുറഞ്ഞ പഞ്ചസാര അല്ലെങ്കില്‍ ഹൈപ്പോഗ്ലൈസീമിയ ആണ് കീറ്റോ ഡയറ്റിന്റെ മറ്റൊരു പാര്‍ശ്വഫലം. ക്ഷീണം, വിശപ്പ്, ആശയക്കുഴപ്പം, ഉത്കണ്ഠ, ക്ഷോഭം, തലകറക്കം, വിയര്‍പ്പ് എന്നിവ പരിവര്‍ത്തന ഘട്ടത്തിലെ ലക്ഷണങ്ങളാണ്.

വൃക്ക തകരാറ്
കീറ്റോ ഡയറ്റ് പിന്തുടരുന്നവരില്‍ അമിതമായി മൂത്രമൊഴിക്കുന്നതിന് പ്രവണതയുണ്ടാകുന്നു. ശരീരത്തിന് ഇലക്ട്രോലൈറ്റുകളും ദ്രാവകവും കുറവായതിനാല്‍ സോഡിയം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ നഷ്ടത്തിന് ഇത് കാരണമാകും. ഇത് ഗുരുതരമായ വൃക്ക പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഇലക്ട്രോലൈറ്റിന്റെ കുറവ് ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമായേക്കാം.

ഉറക്ക തകരാറുകള്‍, കൊഴുപ്പ് കൂടുതലുള്ളല്‍ അടങ്ങിയ ഭക്ഷണ രീതി ആയതിനാല്‍ രക്തത്തിലെ ലിപിഡുകളുടെയും കൊളസ്‌ട്രോളിന്റെയും അളവ് വര്‍ദ്ധിക്കുക, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കീറ്റോ ഡയറ്റിന്റെ മറ്റ് പാര്‍ശ്വഫലങ്ങളാണ്.

എല്ലാവര്‍ക്കും അനുയോജ്യമല്ല
എല്ലാവര്‍ക്കും അനുയോജ്യമായ ഒന്നല്ല കീറ്റോ ഡയറ്റ്. പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം അല്ലെങ്കില്‍ ഭക്ഷണ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ തുടങ്ങിയ ആളുകള്‍ക്ക് കീറ്റോ ഡയറ്റ് ശുപാര്‍ശ ചെയ്യുന്നില്ല. ഈ ഭക്ഷണക്രമം പല ആളുകളുടെയും ഉപാപചയം, മറ്റ് ശാരീരിക സംവിധാനങ്ങളില്‍ വലിയ മാറ്റം എന്നിവയ്ക്ക് കാരണമാകും. അതിനാല്‍, മരുന്നുകള്‍ കഴിക്കുന്നവരില്‍ ഇത് അവരുടെ മരുന്നിന്റെ ഫലപ്രാപ്തിയെ പോലും മാറ്റിയേക്കാം.


കടപ്പാട് : രാകേഷ് എം. ബോൾഡ് സ്‌കൈ മലയാളം