സാമൂഹ്യ മാധ്യങ്ങളിൽ പ്രചരിക്കുന്ന ജെസിബി ഉപയോഗിച്ച്‌ കട തകർത്ത യുവാവ്‌ റിമാൻഡിൽ.

ചെറുപുഴ : മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ കട തകർത്ത യുവാവിനെ കോടതി റിമൻഡു ചെയ്‌തു. പുളിങ്ങോം ഊമലയിൽ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക്‌  കടയാണ് സ്തുതികാട്ട് ആൽബിൻ മാത്യു (31) തകർത്തത്‌.  വിവാഹം മുടങ്ങുന്നതിലുള്ള  മനോവിഷമമാണ്‌  ഇങ്ങനെ ചെയ്യാൻ കാരണമെന്ന്‌ അറിയുന്നു.  
റോഡ് പണിയുമായി ബന്ധപ്പെട്ട്  തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതായും ആൽബിൻ പൊലീസിനോട് പറഞ്ഞു.  വിവാഹം മുടക്കിയതല്ല കട പൊളിക്കാൻ കാരണമെന്ന ആൽബിന്റെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
      മദ്യവിൽപനയും ചീട്ടുകളിയും നടത്തുന്നതിനാലാണ് കട പൊളിക്കുന്നതെന്നും  അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും വീഡിയോയിലുണ്ട്‌. രാവിലെയും വൈകിട്ടും മാത്രമേ സോജി കട തുറക്കാറുള്ളു. പറമ്പിലെ പണിക്കിടെയാണ് കട പൊളിക്കുന്ന വിവരം അറിഞ്ഞതെന്ന്‌ സോജി പറഞ്ഞു.  കടപൊളിക്കാൻ ഉപയോഗിച്ച  മണ്ണുമാന്തിയും ചെറുപുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ചെറുപുഴ സിഐ എം പി വിനീഷ് കുമാറിന്റെ  നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.