അന്റാർട്ടിക്കിന് മുകളിൽ ഓസോണിൽ വലിയ വിള്ളൽ, ആശങ്കയോടെ ലോകം.

അന്റാര്‍ട്ടിക്കിന് മുകളിലുള്ള ഓസോണ്‍പാളിയില്‍ സമീപ കാലത്തെ ഏറ്റവും വലിയ വിള്ളല്‍ രൂപപ്പെട്ടെന്ന് ഗവേഷകര്‍. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദ്വാരമാണ് ഓസോണ്‍ പാളിയില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
വലുപ്പത്തിന്റെ കാര്യത്തിലും ആഴത്തിന്റെ കാര്യത്തിലും ഇത് സമീപകാലത്തെ ഏറ്റവും വലിയ ദ്വാരമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ലോക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഈ ഓസോണ്‍ ദ്വാരത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഈ വര്‍ഷം ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലാണ് ഓസോണ്‍ പാളിയിലെ ദ്വാരം ഇത്രയധികം വലുതായതെന്നാണ് ഗവേഷകര്‍ പറയുന്നത്.

24 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഒക്ടോബര്‍ ആദ്യം വാരം ഈ ഓസോണ്‍ പാളിയുടെ വലുപ്പം. അതായത് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയേക്കാള്‍ വലുപ്പമുണ്ട് ഈ ഓസോണ്‍ ദ്വാരത്തിന് എന്നര്‍ത്ഥം. ഓസോണ്‍ പാളിയുടെ ശരാശരി വലുപ്പം നോക്കിയാല്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫറിക് മോണിട്ടറിങ് സര്‍വീസ്, നാസ, കാനഡയുടെ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സി എന്നവയുടെ സഹായത്തോടെയാണ് ഓസോണ്‍ പാളിയെ ലോക കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പഠനവിധേയമാക്കുന്നത്.