ഹത്രാസ് സംഭവം: പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് വരുത്തി തീർക്കാൻ ശ്രമം. | UP Crime


ലക്‌നൗ : ഹത്രാസിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ്.പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പ്രതികരണം.പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് പൊലീസ് ഇത്തരത്തില്‍ പ്രതികരിച്ചത്.  

കഴുത്തിനേറ്റ പരിക്കാണ് മരണകാരണമായി ചൂണ്ടിക്കാട്ടുന്നത്. ജാതി സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യുപി എഡിജിപി വ്യക്തമാക്കി.

 അതേസമയം, സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് യുപി പൊലീസ്.ബൂല്‍ഗാര്‍ഗിയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകള്‍ വച്ച് അടച്ചു.മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ സന്ദര്‍ശനത്തിന് തടസമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് പൊലീസിന്റെ  വിശദീകരണം.

 മരണത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്കു കാല്‍നടയായി പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

നേരത്തെ ഇരുവരെയും ഡല്‍ഹി-യുപി അതിര്‍ത്തിയിലെ യമുന എക്‌സ്പ്രസ് വേയില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് കാല്‍ നടയായി സഞ്ചരിച്ച് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു