രാജ്യ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത രോഗ വ്യാപനം ഉയർത്തുന്നു. രാജ്യത്ത് 82 ലക്ഷം പോസിറ്റിവ് രോഗികൾ..

ദില്ലിയില്‍ കൊവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രതിദിനരോഗികൾ 5000 കടന്നതിനുപിന്നാലെ ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകൾക്ക്‌ ദൗർലഭ്യം അനുഭവപ്പെട്ടു. ജീവൻ നിലനിർത്താനുള്ള ഉപകരണങ്ങളുടെ സഹായംവേണ്ട ഗുരുതര രോഗികൾ വൻതോതിൽ കൂടി. ആകെ 1244 വെന്റിലേറ്ററുകളാണ് ഉള്ളത് ഇതില്‍ 825 എണ്ണത്തിലും തിങ്കളാഴ്‌ച രോഗികളുണ്ട്‌.

ഡൽഹിയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മാക്‌സ്‌ ഹെൽത്ത്‌കെയർ, ഫോർടിസ്‌, അപ്പോളോ, ബാത്ര എന്നിവിടങ്ങളിൽ ആകെയുള്ള 84 വെന്റിലേറ്ററിൽ ഒന്നുപോലും ഒഴിവില്ല‌. സർക്കാർ ആശുപത്രികളിലും സ്ഥിതി വ്യത്യസ്‌തമല്ല. എയിംസിൽ 50ൽ അഞ്ച്‌ വെന്റിലേറ്റർ കിടക്കൾമാത്രമാണ്‌ ഒഴിവ്‌. 900 കിടക്കയുള്ള കോവിഡ്‌ ആശുപത്രിയായ എൽഎൻജെപിയിൽ ആകെയുള്ള 200 വെന്റിലേറ്ററിൽ ഒഴിവ്‌ 11 എണ്ണം‌‌.

സഫ്‌ദർജങ് ആശുപത്രിയിൽ 54ൽ ഒരു വെന്റിലേറ്റർ കിടക്കമാത്രമാണ്‌ ഒഴിവുള്ളതെന്നും സർക്കാരിന്റെ ‘ഡൽഹി കൊറോണ’ മൊബൈൽ ആപ് വ്യക്തമാക്കുന്നു. കേന്ദ്രആഭ്യന്തര സെക്രട്ടറി അജയ്‌ ഭല്ലയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗം ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്ന്‌ വിലയിരുത്തി. തിരക്കേറിയ മേഖലകൾ കേന്ദ്രീകരിച്ച്‌ ആർടിപിസിആർ പരിശോധന വ്യാപിപ്പിക്കും. നിതി ആയോഗിന്റെയും ഡൽഹി സർക്കാരിന്റെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

രോഗികൾ 82 ലക്ഷം കടന്നു

രാജ്യത്ത്‌ കോവിഡ്‌ ബാധിതർ 82 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45,321 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 496 പേർകൂടി മരിച്ചു. ആകെ മരണം 1.2 ലക്ഷം കടന്നു‌. ശനിയാഴ്‌ച ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്–-113. ചികിത്സയിലുള്ളവർ 5.6 ലക്ഷം‌. 24മണിക്കൂറിനിടെ 53,286പേർ രോഗമുക്തരായി. ആകെ പരിശോധന 11 കോടി കടന്നെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു.